കോൺഗ്രസിൽ തലമുറ മാറ്റം; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ?

സ്പെഷ്യൽ റിപ്പോർട്ട്
തിരുവനന്തപുരം : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് നിർണായക മാറ്റത്തിനുള്ള സാധ്യതകൾ ശക്തമാകുന്നതിനിടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേര് മുൻനിരയിൽ ഉയരുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് സൂചനകൾ ലഭിക്കുന്നു. നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ താല്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് കോൺഗ്രസിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്തുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചത്.

മുതിർന്ന നേതാക്കളെ അടക്കം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ അനുസരിച്ച് മാത്യു കുഴൽനാടന്റെ പേരിനാണ് പ്രഥമ പരിഗണന കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം നൽകുന്നത്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലയും, വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങളും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. വർഷങ്ങൾക്കുശേഷം കോൺഗ്രസിൽ തലമുറ മാറ്റം യാഥാർത്ഥ്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ രൂപംകൊള്ളുന്നത് എന്ന വിലയിരുത്തലും ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മുൻകാലങ്ങളിൽ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് യുവ നേതാക്കൾ എത്തിയ ചരിത്രം കോൺഗ്രസിനുണ്ട്.
എ.കെ. ആന്റണി, കെ. മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ താരതമ്യേന ചെറുപ്പത്തിൽ തന്നെ കെ.പി.സി.സി അധ്യക്ഷരായി പാർട്ടിയെ നയിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇന്ന് മാത്യു കുഴൽനാടൻ എന്ന പേരും കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള ചർച്ചകളിൽ മുൻനിരയിലാണ്. ആർജവത്തോടെയും വ്യക്തമായ നിലപാടുകളോടെയും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തെ പാർട്ടിയുടെ ഭാവി നേതൃത്വമായി കാണുന്ന പ്രവർത്തകരും അനുഭാവികളും ഏറെയാണ്.

കോൺഗ്രസ് പ്രതിപക്ഷത്തിരുന്ന കാലഘട്ടത്തിൽ പ്രതിപക്ഷ നിരയിലെ സജീവ എം.എൽ.എമാരിൽ ഒരാളായി അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ എൽഡിഎഫ് നേതൃത്വം നൽകിയ മുൻ സർക്കാരിനെ ശക്തമായി പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിൽക്കുന്നു. പ്രത്യേകിച്ച് പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉയർത്തിക്കാട്ടിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരുന്നു.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ ഭരണവിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലുകളും കാരണമായിരുന്നു എന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുള്ളിലുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം, ബി.ജെ.പി പാർട്ടികളെ ശക്തമായി നേരിടാൻ കഴിയുന്ന നേതാവായി മാത്യു കുഴൽനാടൻ മാറുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം.

തലമുറ മാറ്റം എന്നത് പ്രായത്തിന്റെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല; പുതിയ രാഷ്ട്രീയ ഊർജവും സംഘടനാ നവീകരണവും പോരാട്ട മനോഭാവവും ഉൾക്കൊള്ളുന്ന വലിയ മാറ്റത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. ആ പശ്ചാത്തലത്തിലാണ് മാത്യു കുഴൽനാടന്റെ പേര് കൂടുതൽ ശക്തമായി ഉയർന്നു വരുന്നത്.

അവസാന വിവരം ,പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ മാസം അവസാനത്തോടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള സാധ്യതകളും സജീവമാണ്.

Top