ന്യൂഡല്‍ഹി: ഡാറ്റ വില്‍ക്കുന്നതായി ആരോപണമുയര്‍ന്ന മോദി ആപ്പ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി എന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയതായി മോദി ആപ്പിനെതിരെ വിമര്‍ശനം ഉര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ സ്വകാര്യ ആപ്പ് ആയ നരേന്ദ്ര മോഡി ആപ് ആണ് വിമര്‍ശനം ഏറ്റ് വാങ്ങിയത്. തുടര്‍ന്ന് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ട്വിറ്ററില്‍ ആഹ്വാനമുണ്ടാകുകയും ചെയ്തു.
ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യു.എസിലുള്ള ക്ലെവര്‍ ടാപ് എന്ന കമ്പനിക്കാണ് വിവരങ്ങള്‍ അനധികൃതമായി കൈമാറുന്നതെന്നും ഫ്രാന്‍സിലെ സുരക്ഷാ റിസേര്‍ച്ചറായ എലിയട്ട് ആല്‍ഡേഴ്സന്‍ വെളിപ്പെടുത്തിയിരുന്നു.
മോഡിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും മറ്റൊരു ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്‍ഡേഴ്സന്‍ പറയുന്നു. ഓപറേറ്റിങ് സോഫ്റ്റ്വയര്‍, നെറ്റ്വര്‍ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയില്‍, ഫോട്ടോ, വയസ്സ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്. ഇത്തരത്തിലൊരു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോളിസിയില്‍ മാറ്റം വരുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


