സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഗുജറാത്ത് വോട്ടെടുപ്പ് ഫലം പുറത്തു വരുമ്പോൾ 100 സീറ്റ് പിടിച്ച് ബിജെപി ഭരണം ഉറപ്പിച്ചു. 22 വർഷം നീണ്ടു നന്ന ബിജെപി ഭരണം തുടരുമെന്ന സൂചനയാണ് ഇപ്പോഴും പുറത്തു വരുന്നത്. എന്നാൽ, ബിജെപി കഴിഞ്ഞ തവണ നേടിയ വൻ വിജയം ഇക്കുറി ഉണ്ടാകില്ലെന്നാണ് സൂചന ലഭിക്കുന്നത്. തകർന്നടിഞ്ഞു തരിപ്പണമായ കോൺഗ്രസ് പക്ഷേ, ഇക്കുറി സീറ്റ് കൂടുതൽ നേടിയ കോൺഗ്രസ് ശക്തമായി തിരിച്ചു വരുന്നുണ്ട്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി എത്തിയ ശേഷം ആദ്യമായി ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായി തിരികെ വരുമെന്നായിരുന്നു പ്രതീക്ഷകൾ. ജി.എസ്.ടി നടപ്പാക്കിയതും, നോട്ട് നിരോധനവും ബിജെപിക്കു തിരിച്ചടിയാകുമെന്നായിരുന്നു ബിജെപി വിരുദ്ധ വികാരത്തോടെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, എല്ലാത്തിനെയും മറികടക്കാൻ ബിജെപി ഏറ്റവും ഒടുവിലായി തുറുപ്പു ചീട്ടായ വർഗീയ വികാരം പുറത്തിറക്കുകയായിരുന്നു.
മുസ്ലീം സർക്കാർ ഗുജറാത്തിൽ അധികാരത്തിൽ എത്തും എന്ന പ്രചാരണത്തോടെയാണ് കോൺഗ്രസിലെ അവസാന റൗണ്ടിൽ ബിജെപി നേരിട്ടത്. ഇതിനു ഫലമുണ്ടാകുകയും ചെയ്തു. വോട്ടെണ്ണലിന്റെ ഫലം പുറത്തു വന്നതോടെയാണ് ഇതു സംബന്ധിച്ചു കൃത്യമായ സൂചന പുറത്തു വരുന്നത്. പാക്കിസ്ഥാൻ ഇടപെടൽ ഗുജറാത്ത് തിരഞ്ഞെടുപ്പിലുണ്ടാകുമെന്നു വരെ പറഞ്ഞാണ് ബിജെപി രണ്ടാം റൗണ്ടിൽ വോട്ട് തേടിയത്. അതു ബിജെപിക്കു അനൂകൂലമാകുകയും ചെയ്തു.


