ഡിവൈഎഫ്ഐ കൊടിമരത്തിൽ നാട്ടിയ ബിജെപി പതാക ബിജെപി നേതാവ് തന്നെ അഴിച്ചുമാറ്റി. കട്ടപ്പന പേഴുംകവലയിൽ കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് തന്നെ പരസ്യമായി പതാക അഴിച്ചുമാറ്റാനെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ കൊടിമരത്തിൽ ബിജെപി പതാക ഉയർത്തിയത്. ഡിവൈഎഫ്ഐ പതാകയ്ക്ക് മുകളിലായാണ് ബിജെപിയുടെ പതാക കെട്ടിയിരുന്നത്.
കവലയിലെ കൊടിമരം ഡിവൈഎഫ്ഐ പേഴുംകവല യൂണിറ്റ് കമ്മിറ്റി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ്. പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് ബിജെപി ഇത്തരത്തിൽ പതാക ഉയർത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപിച്ചു.
$ ഡിവൈഎഫ്ഐ പതാകയുടെ മുകളിലായാണ് ബിജെപിയുടെ പതാക കെട്ടിയിരുന്നത്. ശനിയാഴ്ച രാവിലെയാണ് ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ സംഭവം കാണുന്നത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു.
ഇതിനിടെയാണ് ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പിൽ സ്ഥലത്തെത്തി പതാക അഴിച്ചുമാറ്റിയത്. ബിജെപി പതാക അഴിച്ചുമാറ്റിയതിന് ശേഷം ഡിവൈഎഫ്ഐ വീണ്ടും കൊടിമരത്തിൽ പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാണ് കൊടിമരത്തിൽ വീണ്ടും പതാക ഉയർത്തിയത്.


