നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി ബിജെപി നേതാവ്. ദിലീപിന്റെ ദോഷങ്ങള്‍ മാറിക്കിട്ടാന്‍ പ്രത്യേക പൂജ നടത്തിയത് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിപി മുകുന്ദനാണ്. ആദ്യമായാണ് ഒരു പാര്‍ട്ടി നേതാവ് ദിലീപിന് വേണ്ടി സംസാരിക്കുന്നതും പൂജ നടത്തുന്നതും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ദിലീപിനെ തള്ളിപ്പറഞ്ഞ കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. കോളിളക്കം സൃഷ്ടിച്ച സംഭവം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. സിനിമാ ലോകത്തെ ചിലരൊഴികെ എല്ലാവരും ഇരയാക്കപ്പെട്ട നടിയോടൊപ്പമായിരുന്നു പിന്നീട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാംതവണയും തള്ളിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിജെപി നേതാവ് ദിലീപിന് വേണ്ടി പൂജ നടത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ദിലീപിന് വേണ്ടി ദോഷ പരിഹാര പൂജ നടത്തിയത്. ദിലീപിന്റെ സമയദോഷം തീരാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്ന് പിപി മുകുന്ദന്‍ പറഞ്ഞു. ദിലീപിന്റെ സമയദോഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനായിരുന്നു പൂജയെന്ന് മുകുന്ദന്‍ വിശദീകരിച്ചു. ദിലീപുമായി വ്യക്തിപരമായ സൗഹൃദമുള്ളയാളാണ് മുകുന്ദന്‍. നേരത്തെ കോട്ടയത്തുള്ള ജഡ്ജി അമ്മാവന്‍ കോവിലില്‍ ദിലീപിന്റെ കുടുംബം പ്രത്യേക പ്രാര്‍ഥന നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ ഇവിടെയെത്തി പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. ഒത്തുകളി കേസില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം ശ്രീശാന്തും ജഡ്ജി അമ്മാവന്‍ കോവിലില്‍ പൂജ നടത്തിയിരുന്നു. വ്യവഹാരങ്ങളില്‍ പെട്ട് പ്രയാസപ്പെടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ പൂജയ്ക്ക് ശേഷം ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിരിച്ചടിയായിരുന്നു ഫലം. രണ്ടു തവണയാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. പിന്നീടാണ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്.


