കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ചതിന് ബി.ജെ.പി- ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയിലായി. സംഭവം മറച്ച് വയ്ക്കാന്‍ പോലീസിന്റെ നീക്കം. സംഭവത്തിന്റെ വിശദാംശം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല’ എന്നാണ് ചേവായൂര്‍ എസ്.ഐ ആനന്ദ് പ്രതികരിച്ചത്.ചെറിയ കുട്ടി ഉള്‍പ്പെട്ട കേസാണെന്നും അതുകൊണ്ട് പറയാന്‍ പറ്റില്ലെന്നുമാണ് ചേവായൂര്‍ സി.ഐ കെ.കെ ബിജു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിച്ചതിന് ചേവായൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നെയ്തുകുളങ്ങര പുതിയോട്ടില്‍ മോഹനനാണ് അറസ്റ്റിലായത്. ചേവായൂര്‍ പൊലീസ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്സോ) നിയമപ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
സംഭവത്തെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി വീട്ടില്‍വച്ചാണ് പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ മോഹനനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ചേവായൂര്‍ പൊലീസിനെ സമീപിച്ചപ്പോഴാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു സംഭവം തന്നെ നടന്നിട്ടില്ല എന്ന പ്രതികരണമുണ്ടായത്. ‘അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെ’ന്ന് പറഞ്ഞ എസ്.ഐ ആനന്ദ് കുടുതല്‍ സംസാരിക്കാനും തയ്യാറായില്ല. ‘പീഡനക്കേസ്; അങ്ങനെയൊരു സംഭവം എന്റെ അറിവില്‍ വന്നിട്ടില്ലല്ലോ’ എന്നാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ പൃഥ്വിരാജ് പ്രതികരിച്ചത്. ചെറിയ കുട്ടി ഉള്‍പ്പെട്ട കേസാണെന്നും അതുകൊണ്ട് പറയാന്‍ പറ്റില്ലെന്നും പറഞ്ഞ സി.ഐ ബിജു പ്രതിയുടെ പേരും പ്രദേശവും കൊടുക്കരുതെന്നും പ്രതിയെ പറഞ്ഞാല്‍ വാദിയെ മനസ്സിലാകുമെന്നും പറഞ്ഞു. കുട്ടിയെക്കുറിച്ചല്ലെന്നും പ്രതിയുടെ വിവരമാണ് വേണ്ടതെന്നും പറഞ്ഞപ്പോഴാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്


