കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും പ്രചരിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ടായിരത്തോളം പേർ ഈ ഗെയിം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ബ്ലൂവെയ്ൽ ഗെയിം കേരളത്തിൽ പ്രചരിക്കുന്നത് സംബന്ധിച്ച് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകുന്ന വിവിധ ഏജൻസികളാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ ഏജൻസികളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു.
കുട്ടികളടക്കം നിരവധി പേർ ഗെയിം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾക്ക് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുംബൈയിൽ പതിനാലുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കാരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം പാലക്കാട്ടെ നാലു സ്കൂൾ വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസിൽ കയറി ചാവക്കാട് കടൽ തീരത്ത് പോയിരുന്നു. ഇവർ കടൽത്തീരത്ത് പോയത് ബ്ലൂവെയ്ൽ ഗെയിമിന്‍റെ സ്വാധീനത്തിലാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പാലക്കാട് നിന്നും ചാവക്കാട്ടേക്ക് പോയ നാലു കുട്ടികളുടെയും മൊബൈൽ ഫോൺ രക്ഷിതാക്കൾ പരിശോധിച്ചപ്പോൾ ഈ ഗെയിം കളിച്ചിരുന്നതായും ബോധ്യപ്പെട്ടു.
ആളെ കൊല്ലുന്ന ഗെയിമായ ബ്ലൂവെയ്ൽ കേരളത്തിലും പ്രചരിക്കാൻ ആരംഭിച്ചതോടെ പോലീസ് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഫോണുകളിൽ ഈ ഗെയിം ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം എന്നാണ് പോലീസിന്‍റെ നിര്‍ദ്ധേശം.


