കണ്ണൂരിലെ വീട്ടിൽ സ്‌ഫോടനം; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പന്നേൻപാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിൽ വ്യാഴാഴ്ച രാത്രിയാണ് ഇരുനിലവീട് തകർന്നടിയുകയും ഒട്ടേറെ വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്‌ഫോടനമുണ്ടായത്. ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിർമിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജണൽ ഫോറൻസിക് അസി. ഡയറക്ടർ പി. സച്ചിദാനന്ദന്റെ നേതൃത്തിലുള്ള സംഘം പരിശോധന നടത്തി. സംഘത്തിൽ ഫോറൻസിക് ഓഫീസർമാരായ കെ.ദീപേഷ്, കെ വി ശ്രീജ എന്നിവരും ഉണ്ടായിരുന്നു.

സമീപവാസികളോട് അനുമാലിക് എന്ന പേരാണ് അനൂപ് പറഞ്ഞത്. മൂന്ന് വർഷം മുമ്പാണ് ഇയാൾ രാജേന്ദ്ര നഗർ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്. മയ്യിൽ സ്വദേശിനിയും അമേരിക്കയിൽ താമസക്കാരിയുമായ ജ്യോത്സ്‌നയുടെ വീടാണിത്. 15,000 രൂപയാണ് മാസവാടക. അയൽവാസികളുടെ ശ്രദ്ധപതിയാതിരിക്കാൻ അനൂപ് തന്റെ വീടിന്റെ മതിലിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. പരിചയമില്ലാത്തയാളായതിനാൽ അയൽവാസികൾ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവർ കരുതിയത്. പല ദിവസങ്ങളിലും രാവിലെ കാറിൽ പുറത്തുപോകുന്ന അനൂപ് മാലിക് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തുമായിരുന്നു. വീട്ടിനകത്ത് അനധികൃതമായി പടക്ക വിപണനം നടത്തിയിരുന്നയാളാണ് അനൂപ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2009 ലും 2013 ലും അനധികൃത പടക്കം സൂക്ഷിച്ചതിന് വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നു.

സ്‌ഫോടനത്തിൽ പ്രദേശത്തെ നാൽപത്തഞ്ചോളം വീട്ടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. സംഭവ സമയത്ത് അനൂപും റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. കനത്ത സ്‌ഫോടനം മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് 45 വീടുകൾക്ക് കേടുപാട് സംഭവിച്ചത്. വീടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പിഡബ്ല്യുഡി അധികൃതർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാത്ത വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാൻ കളക്ടർ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.

റിമാന്റിലായ പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. അനൂപിനൊപ്പം താമസിക്കുന്ന റാഹിലയെയും മക്കളെയും പോലീസ് ചോദ്യംചെയ്യും. റാഹിലയുടെ ഇളയകുട്ടി ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പൊള്ളലേറ്റ മറ്റൊരു മകൾ ഹിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹിബ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Top