കോഴിക്കോട്: വിവാഹ പന്തലില്‍ വരനും കുടുംബവും എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. വധുവിന്റെ സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തി വിവാഹത്തിന് എത്തിയ കാമുകന്റെ സുഹൃത്തുക്കളാണ് ഒളിച്ചോട്ടത്തിന് വഴിയൊരുക്കിയത്. വീട് വിടുമ്പോള്‍ വിവാഹത്തിന് സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റും ഒപ്പം കൂട്ടാനും വധു മറന്നില്ല.
ദില്‍ഷാന എന്ന 18കാരിയുടെ വിവാഹം ശനിയാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. വിവാഹത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് ദില്‍ഷാനയുടെ സുഹൃത്തുക്കള്‍ എന്ന് പരിചയപ്പെടുത്തിയ ഒരു സംഘം ഇതിനിടയില്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ സംഘം വീടിന് പുറത്തെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച സംഘം പെണ്‍കുട്ടിയെ പുറത്തുനിന്ന കാമുകന് സമീപം എത്തിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അണിഞ്ഞിരുന്ന പെണ്‍കുട്ടി അതേ വേഷത്തില്‍തന്നെ കാമുകനൊപ്പം ബൈക്കില്‍ കയറി പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ദില്‍ഷാനയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


