മനഃസാക്ഷി മരവിക്കുന്ന ക്രൂരത; തളര്‍ന്നുവീണ യാത്രക്കാരനുമായി ബസ് ഓടിയത് അരമണിക്കൂര്‍; ട്രിപ്പ് മുടക്കാതിരിക്കാന്‍ നല്‍കിയത് ഒരു ജീവന്‍

കൊച്ചി: ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നു. അരമണിക്കൂറോളം ബസ് ഓടിയശേഷം യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു. ബസ് ജീവനക്കാരുടെ ക്രൂരതയില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍. വഴിയില്‍ ഇറക്കിയ യാത്രക്കാരന്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. വയനാട് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്.

പലതവണ ആവശ്യപ്പെട്ടിട്ടും കണ്ടക്ടറും ഡ്രൈവറും യാത്രക്കാരനെ വഴിയില്‍ ഇറക്കാന്‍ തയ്യാറാകാത്തതാണ് മരണത്തിന് കാരണം. ശനിയാഴ്ചയായിരുന്നു ബസില്‍ ക്രൂരത അരങ്ങേറിയത്. എം.ജി റോഡില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് ലക്ഷ്മണന്‍ കയറിയത്. ഷേണായീസ് ബസ് സ്റ്റോപ്പിനടുത്തുവച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീണത്. പിന്നീട് അപസ്മാരമുണ്ടാകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങളുടെ ബസ് ഇടിച്ചിട്ടല്ലല്ലോ അപകടം സംഭവിച്ചത്, അതുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ട്രിപ്പ് മുടക്കാന്‍ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഉണരുമ്പോള്‍ അയാള്‍ എഴുന്നേറ്റു പോവുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. യാത്രക്കാരന്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് തളര്‍ന്നു കിടന്ന ലക്ഷ്മണനെ ഇടപ്പള്ളി പള്ളിക്കുമുമ്പില്‍ ഇറക്കിവിട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മണന്‍ മരിച്ചു.

കുഴഞ്ഞു വീണ രോഗിയുമായി ഷേണായീസ് മുതല്‍ ഇടപ്പള്ളിവരെ ആറിലേറെ ആശുപത്രികള്‍ക്കു മുന്നിലൂടെയാണ് ബസ് യാത്ര ചെയ്തത്. എന്നിട്ടും ബസ് നിര്‍ത്തി ഗുരുതരാവസ്ഥയിലായ യാത്രക്കാരന് ചികിത്സ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം. ലക്ഷ്മണന്റെ ബന്ധുക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ആലുവയിലെ ഷാജിയെന്ന ആളുടെ ഉടമസ്ഥതയിലുള്ള ചെന്താര എന്ന ബസിലായിരുന്നു ലക്ഷ്മണന്റെ മരണത്തിലേക്കുള്ള യാത്ര. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ബസിലെ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Top