വാന്‍ കയറിയിറങ്ങി; മൂന്ന് വയസുകാരന്‍റെ അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ വൈറല്‍  

 

 

ഫുജിയാന്‍: ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍സ്ഷു നഗരത്തില്‍ നടന്ന ഒരു അത്ഭുകരമായ രക്ഷപ്പെടല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുന്നത്.  അമ്മയ്‌ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണത്. കുട്ടി അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ഈ വീഡിയോ വൈറലാവാന്‍ കാരണം.  അമ്മയ്‌ക്കൊപ്പം വീടിന് മുന്‍പില്‍ നില്‍ക്കുകയായിരുന്നു മൂന്ന് വയസുകാരന്‍. ഈ സമയം ഒരു വാന്‍ വന്ന് നില്‍ക്കുകയും അതിലുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ അമ്മയ്ക്ക് ഒരു കവര്‍ നീട്ടുകയും ചെയ്തു.  ഇത് വാങ്ങാനായി റോഡിലേക്കിറങ്ങിയ യുവതി മകന്‍ പുറകേ വരുന്നത് ശ്രദ്ധിച്ചില്ല. വാനിന്റെ ഡ്രൈവറും കുട്ടിയെ കണ്ടില്ല, വണ്ടി മുന്നോട്ട് എടുത്തു. കുട്ടിയുടെ ശരീരത്തിനു മുകളിലൂടെ വാഹനം കടന്നു പോകുകയും ചെയ്തു. വാന്‍ മുന്നോട്ട് നീങ്ങിക്കഴിഞ്ഞതിന് ശേഷമാണ് കുട്ടി റോഡില്‍ കിടക്കുന്നത് അമ്മയും സമീപം നിന്നവരും കാണുന്നത്. ഓടി വന്ന ഇവര്‍ കുട്ടിയെ റോഡില്‍ നിന്നും എടുക്കുകയായിരുന്നു.  അതേസമയം കുട്ടിക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. റോഡിന് സമീപമുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

 

Top