സ്വന്തം ലേഖകൻ
തൃശൂർ: ചാലക്കുട്ടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിനു പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമെന്നു സൂചന. തൃശൂരിലെയും എറണാകുളത്തെയും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള നിരവധിപേരുടെ വസ്തു ഇടപാടുകൾക്കു കൊല്ലപ്പെട്ട രാജീവ് ഇടനില നിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് രാജീവ് കൊല്ലപ്പെടുന്നതും. അതുകൊണ്ടു തന്നെ സംഭവത്തിനു പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന സൂചന പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
രാജീവിന്റെ കൊലപാതക്കേസിലെ പ്രതി ജോണി രാജ്യംവിട്ടെന്ന സംശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ജോണിക്ക് മൂന്ന് രാജ്യങ്ങളിൽ പോകാനുള്ള വിസ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ ജോണിയും ആരോപണ വിധേയനായ അഭിഭാഷകനും കൊല്ലപ്പെട്ട രാജീവുമായി നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.
പരിയാരത്ത് കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് ജൂൺ 18 ന് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളെപ്പറ്റി സൂചിപ്പിച്ചിരുന്നു. ആദായ നികുതി വെട്ടിക്കുന്നതിനായി ഭൂമിയിൽ നിക്ഷേപം നടത്താൻ തയാറായി റിയൽ എസ്റ്റേറ്റ് ബ്രോക്കറായ തന്നെ ആരോപണ വിധേയരായവർ സമീപിച്ചു എന്നാണ് പറഞ്ഞിരുന്നത്. അങ്കമാലിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ചെറുമഠത്തിൽ ജോണിയും പൈനാടത്ത് രഞ്ജിത്തും ഇടപാടുകളിൽ പങ്കാളികളായിരുന്നു. നോട്ട് നിരോധനമെത്തിയതോടെ കച്ചവടം മുടങ്ങി. മുടക്കിയ പണം തിരിച്ചു പിടിക്കുന്നതിനായാണ് രാജീവിനെ പ്രതികൾ ലക്ഷ്യം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ഷൈജു ജോണിയുടെ ബന്ധുവാണ്.
റിയൽ എസ്റ്റേറ്റ് ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന് ഷൈജു മൊഴി നൽകിയിട്ടുണ്ട്. എത്ര പണം ആരൊക്കെ രാജീവ് വഴി നിക്ഷേപിച്ചിട്ടുണ്ടെന്നറിയാനാണ് അന്വേഷണം സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. ഒളിവിൽ പോയ ജോണിയ്ക്കും രഞ്ജിത്തിനുമായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജോണിയെ കസ്റ്റഡിയിലെടുത്തശേഷം സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.
രാജീവുമായി അഭിഭാഷകനുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം തേടും.രാജീവ് കൊല്ലപ്പെടുന്നതിന് മുമ്പും പിൻപും പ്രതികൾ നടത്തിയ ഫോൺ സംഭാഷണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ നാലു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


