കട്ടപ്പന :ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. ചീനിക്കുഴിയില്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിനാണ് വധശിക്ഷ.തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അഞ്ചു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്.2022 മാര്‍ച്ച് 19ന് അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൂട്ടക്കൊല നടന്നത്. തൊടുപുഴ ചീനിക്കുഴി സ്വദേശികളായ മുഹമ്മദ് ഫൈസല്‍ (ഷിബു – 45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. പ്രതിയായ ഹമീദ്, തന്റെ പിതാവ് മക്കാര്‍ കൊച്ചുമകനായ ഫൈസലിന് ഇഷ്ടദാനമായി നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മകനുമായി നിരന്തരം തര്‍ക്കം പുലര്‍ത്തിയിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതിയെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും തെളിവായി 137 രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സുനില്‍കുമാര്‍ ഹാജരായി. തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എ ജി ലാലാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചുകൊണ്ടായിരുന്നു ഹമീദ് ഈ ഭീകരകൃത്യം നടത്തിയത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന മുറി പുറത്തുനിന്നു പൂട്ടി, ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെട്രോളൊഴിച്ചാണ് പ്രതി തീയിട്ടത്. വീട്ടിലേക്കുള്ള ശുദ്ധജല കണക്ഷന്‍ വിച്ഛേദിച്ചതിനാലും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ സാധിച്ചില്ല. തീ പടര്‍ന്നതോടെ നാല് പേരും ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചെങ്കിലും, ഹമീദ് അവിടേക്കും ചെറിയ കുപ്പികളില്‍ പെട്രോളൊഴിച്ചു. ഇരുകൈകളിലും മക്കളെ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം കണ്ടെത്തുന്നത്.










