കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഔദ്യോഗിക ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ മാസം 26ന് രാത്രിയാണ് രാമകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഔദ്യോഗിക വേഷങ്ങളോടെ തന്നെ സ്റ്റേഷനിലെ റസ്റ്റ് റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു.
രാമകൃഷ്ണന് കുടുംബപ്രശ്നങ്ങളോ, സാമ്പത്തിക പ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്റ്റേഷനില്‍ വെച്ച് യൂനിഫോമില്‍ തന്നെ ആത്മഹത്യ ചെയ്തത് ഔദ്യോഗിക പ്രശ്നങ്ങള്‍ കാരണമായിരിക്കാമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസുദ്യോഗ്സ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കോഴിക്കോട് പെരിങ്ങൊളം സ്വദേശിയായ രാമകൃഷ്ണന്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പരിശീലകന് കൂടിയായിരുന്നു.


