സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി തീ പൊള്ളലേറ്റ് മരിച്ചു

സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി തീ പൊള്ളലേറ്റ് മരിച്ചു. കര്‍ണ്ണാടകയിലെ ദാവണഗിരെ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ നവംബര്‍ 11 നായിരുന്നു സംഭവം. ദാവണഗിരെ ജില്ലയിലെ ഹരിഹര താലൂക്കിലെ 7 വയസ്സുകാരി പ്രാര്‍ത്ഥനയ്ക്കാണ് സീരിയല്‍ കഥാപാത്രത്തെ അനുകരിക്കുന്നതിനിടെ ജീവന്‍ നഷ്ടമായത്.നന്ദിനി എന്ന സിരിയലിലെ കഥാപാത്രത്തെയാണ് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. ഹരിഹര താലൂക്കിലെ ആശ്രമം കോളനിയിലായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. സമീപത്തെ സെന്റ മേരീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എന്നും ഉച്ചയ്ക്ക് വിദ്യാലയത്തില്‍ നിന്നും വന്നതിന് ശേഷമാണ് ഈ സീരിയല്‍ കണ്ട് കൊണ്ടിരുന്നത്.ഒരു കൊച്ചു കുട്ടിക്ക് ലഭിച്ചിട്ടുള്ള ദിവ്യ ശക്തികളും ആ കുട്ടിയെ ഇല്ലാതാക്കാന്‍ വില്ലന്‍മാരുടെ പ്രവൃത്തികളുമാണ് സീരിയലിലെ കഥാസാരം. സീരിയലിലെ കൊച്ചു കുട്ടിക്ക് ചുറ്റും തീ കൊണ്ടുള്ള വലയം കണ്ട പ്രാര്‍ത്ഥന അതു പോലെ അനുകരിക്കാന്‍ വേണ്ടി പഴയ ന്യൂസ് പേപ്പറില്‍ തീ കത്തിച്ച് ശരീരത്തിന് ചുറ്റിലും വീശി.ഇതിനിടയിലാണ് പെണ്‍കുട്ടിക്ക് പൊള്ളലേല്‍ക്കുന്നത്. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് പ്രാര്‍ത്ഥനയുടെ മരണം സംഭവിക്കുന്നത്.

Top