മെഹുൽ ചോക്സിക്ക് ഒപ്പം കൂട്ടിയ യുവതിയെ അറിയാം, കുടുക്കിയെന്ന് സംശയമെന്ന് ഭാര്യ പ്രീതി. ഇന്ത്യയിേലക്ക് തിരിച്ചയയ്ക്കണമെന്ന് ഡൊമിനിക്കൻ സർക്കാർ.

ന്യൂഡൽഹി:മെഹുൽ ചോക്സിയെ കുടുക്കിയതെന്ന് ഭാര്യ പ്രീതി ചോക്സി. ചോക്‌സിക്കൊപ്പം അത്താഴത്തിനു ഒപ്പം കൂട്ടിയെന്നു പറയപ്പെടുന്ന യുവതിയെ അറിയാമെന്നും ഭാര്യ വെളിപ്പെടുത്തി .ബാർബറ ജബാറിക എന്ന പേരിൽ അറിയപ്പെടുന്ന യുവതി 2020 ഓഗസ്റ്റിലാണ് ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തെത്തിയതെന്നും ദ്വീപിലെ തങ്ങളുടെ മറ്റൊരു വസതിയിൽ അവർ എത്തിയിരുന്നെന്നും പ്രീതി ചോക്സി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിടികൂടിയതിനു പിന്നാലെ വധിച്ചേക്കുമെന്ന് ചോക്സിക്കു പേടിയുണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

വായ്പ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണമെന്ന് ഡൊമിനിക സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് മെഹുൽ ചോക്സി മുങ്ങിയതെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.

എത്രയും പെട്ടന്ന് മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണ്. ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന ഭയന്ന െമഹുൽ ചോക്സി ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പരുക്കേറ്റ ചോക്സി ആശുപത്രിയിൽ ചികിത്സയിലാണ്.ചോക്സി അറസ്റ്റിലായതിനു പിന്നാലെ ഇന്ത്യയിൽനിന്ന് എട്ടംഗസംഘം ഡൊമിനിക്കയിൽ എത്തിയെന്നാണു വിവരം. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയിൽ നിന്നുള്ള 2 വീതം ഉദ്യോഗസ്ഥരും സിആർപിഎഫ് കമാൻഡർമാരും സംഘത്തിലുണ്ട്. മുംബൈ സോണിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച ഡൽഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയാണ് ദൗത്യത്തിൽ ഉൾപ്പെടുത്തിയത്.

ശനിയാഴ്ചയാണ് ഇന്ത്യ അയച്ച സ്വകാര്യ വിമാനം ഡൊമിനിക്കയിലെ ഡഗ്ലസ്–ചാൾസ് വിമാനത്താവളത്തിൽ എത്തിയത്. നീക്കങ്ങൾ പുറത്താകാതാതിരിക്കാനാണു ഖത്തറിൽനിന്നു ചെറുവിമാനം വാടകയ്ക്കെടുത്തത്. സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിന്റെ രേഖകൾ ഇന്ത്യൻ സംഘം ഡൊമിനിക്കൻ പബ്ലിക് പ്രോസിക്യൂട്ടർമാർക്കു കൈമാറിയിരുന്നു. ‌കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചാൽ എത്രയുംവേഗം ചോക്സിയെ കൊണ്ടുവരാനാണ് സംഘം അവിടെ തങ്ങുന്നത്.

സഹോദരീപുത്രൻ നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബളിപ്പിച്ച് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പു നടത്തിയ ചോക്സി 2018ലാണ് ആന്റിഗ്വയിലെത്തിയത്. മേയ് 23നാണ് ചോക്സിയെ കാണാതായത്. ഡൊമിനിക്കയിൽ വച്ച് മേയ് 27ന് പിടിയിലായി. ചോക്സിയുടെ അഭിഭാഷകർ ഫയൽ ചെയ്ത ഹേബിയസ് കോർപസ് ഹർജിയിൽ തീരുമാനം ആകുന്നതുവരെ നാടുകടത്തരുതെന്ന് ഡൊമിനിക്കൻ കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോൾ.

പ്രീതിയുടെ അഭിമുഖത്തിൽനിന്ന് – ‘‘മേയ് 23 ഞായറാഴ്ച വൈകുന്നേരം 5.11നാണ് ചോക്സി വീട്ടിൽനിന്നു പോയത്. അത്താഴം കഴിക്കാനാണ് പോകുന്നതെന്നു പറഞ്ഞിരുന്നു. അപ്പോഴാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. രാത്രി 8.30 – 9 ആയിട്ടും മടങ്ങിവരാത്തതിനെത്തുടർന്ന് അന്വേഷണം തുടങ്ങി. സാധാരണ ഏഴുമണിയോടെ തിരികെ വീട്ടിലെത്തേണ്ട ആളാണ്. ഫോണുകളിൽ പലതവണ വിളിച്ചുനോക്കി. ആന്റിഗ്വൻ നമ്പരിൽ വോയിസ് മെയിൽ അയച്ചുനോക്കി, വാട്സാപ് നമ്പരിൽ ബെൽ അടിക്കുന്നതല്ലാതെ എടുക്കുന്നില്ലായിരുന്നു. ആന്റിഗ്വയിൽ എനിക്ക് അധികം പരിചയക്കാരില്ല.

ചോക്സിക്കൊപ്പം ജോലി ചെയ്യുന്നൊരു കൺസൾട്ടന്റ് ഉണ്ട്. അദ്ദേഹത്തെ 10 ആയപ്പോൾ വിളിച്ച് അന്വേഷിക്കാൻ പറഞ്ഞു. പിന്നാലെ വീട്ടിലെ പാചകക്കാരനെയും വിളിച്ചു. ഇരുവരും അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. ബീച്ചുകളിലും മറ്റും തിരഞ്ഞു. പക്ഷേ ആളെ കാണാനില്ലായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത്. രാത്രി 11 മുതൽ പുലർച്ചെ 5 വരെ ആന്റിഗ്വയിൽ കോവിഡ് കർഫ്യു ആണ്. ഒരു പാസ് മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് കൺസൾട്ടന്റും പാചകക്കാരനും താനും കൂടി ഒരു കാറിൽ സ്റ്റേഷനിലെത്തി പരാതി നൽകി.

ആദ്യം പൊലീസ് പറഞ്ഞത് 24 മണിക്കൂർ കാത്തിരിക്കൂ എന്നായിരുന്നു. എന്നാ‌ൽ പിന്നീട് അവരത് ഗൗരവത്തിലെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൂയിസ് കപ്പലുകളിലും മറ്റും അവർ തിരഞ്ഞു. ഞങ്ങളെയും ഒപ്പംകൂട്ടി. ചോക്സിയുടെ കാറെങ്കിലും കണ്ടെത്താൻ കഴിയണേ എന്നായിരുന്നു ചിന്തിച്ചത്. അർധരാത്രിയായിട്ടും ഒരു വിവരവും ലഭിച്ചില്ല. കർഫ്യൂ ഉള്ളതിനാൽ ഞങ്ങളോടു വീട്ടിലേക്കു മടങ്ങാൻ അവർ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് ലഭിക്കുമോ എന്ന ചോദ്യത്തിന് അഭിഭാഷകൻ വഴി കമ്മിഷണറെ ബന്ധപ്പെടണമെന്ന മറുപടിയാണ് അവർ നൽകിയത്.

ചോക്സിയെ വൈകുന്നേരം അഞ്ചരയോടെ തന്നെ ബോട്ടിൽ ആന്റിഗ്വയിലെ പ്രധാന കേന്ദ്രമായ ജോളി തുറമുഖത്തുനിന്ന് കടത്തിയതായി പിന്നീട് അറിഞ്ഞു. മേഖലയിലെ സിസിടിവി ക്യാമറകളും പ്രദേശത്തുള്ളവരും ഈ തട്ടിക്കൊണ്ടുപോകൽ അറിഞ്ഞില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. പിറ്റേ ദിവസം രാവിലെ ഏഴരയോടെ ചോക്സിയുടെ കാർ കണ്ടെത്തി. എന്നാൽ പുലർച്ചെ മൂന്നിന് പൊലീസ് സംഘം പട്രോളിങ് നടത്തിയ സ്ഥലത്താണ് രാവിലെ ഇതു കണ്ടെത്തിയതെന്നതു സംശയാസ്പദമാണ്.’’ – അവർ പറഞ്ഞു.

ചോക്സിയെ ജബാറികയെന്ന യുവതി തന്റെ വീട്ടിലേക്ക് മനഃപ്പൂർവം ക്ഷണിച്ച് കുടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പ്രീതി കൂട്ടിച്ചേർത്തു. ‘ജബാറികയുടെ വീട്ടിൽനിന്നാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണു വിവരം. ഞാന്‍ ആ യുവതിയെ കണ്ടിട്ടില്ല. അവർ 2020 ഓഗസ്റ്റിലാണ് ആന്റിഗ്വയിൽ എത്തിയതെന്ന് അറിയാം. ദ്വീപിലെ ഞങ്ങളുടെ മറ്റൊരു വസതിയിൽ ഇവർ എത്തിയിട്ടുണ്ട്. അവിടുത്തെ പാചകക്കാരനെ സഹായിച്ചിട്ടുമുണ്ട്. ഇവർക്കൊപ്പം നടക്കാൻ ചോക്സി പോകാറുണ്ടെന്ന് അറിയാം. തട്ടിക്കൊണ്ടുപോയത് ഞായറാഴ്ചയാണ്. ആ വെള്ളിയും ശനിയും അവർ ജോളി ബീച്ചിന്റെ തെക്കുഭാഗത്ത് നടക്കാൻ പോയിരുന്നു. അവിടെയാണ് ചോക്സി സാധാരണ നടക്കാൻ പോകുന്നത്. നിരവധിപ്പേർ അവിടെ നടക്കാൻ പോകാറുണ്ട്. എല്ലാ വീടുകൾക്കും ക്യാമറകൾ ഉള്ളതുമാണ്.

എന്നാൽ ഞായറാഴ്ച ബീച്ചിന്റെ വടക്കുഭാഗത്ത് നടക്കാൻ പോകാമെന്നാണ് ജബാറിക പറഞ്ഞത്. എന്നാൽ ക്ഷീണം തോന്നിയതിനാൽ അന്നു നടക്കാനില്ലെന്നും അത്താഴത്തിനായി മാത്രം വരാമെന്നും ചോക്സി അറിയിച്ചു. വടക്കുഭാഗത്തെ ബീച്ചിൽ ആളുകൾ വരുന്നതു കുറവാണ്. അതുകൊണ്ടായിരിക്കാം അവർ അങ്ങോട്ടു ക്ഷണിച്ചത്’ – അവർ പറഞ്ഞു. അതേസമയം, മാധ്യമങ്ങളിൽ കാണിച്ച ചിത്രങ്ങൾ ജബാറികയുടേതല്ലെന്നു പ്രീതി വ്യക്തമാക്കി. ജബാറികയെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ലെന്നും പ്രീതി പറയുന്നു. അവർ ഡൊമിനിക്കയിലുണ്ടെന്നും അല്ല നാടുവിട്ടെന്നും കേൾക്കുന്നു. തനിക്ക് വ്യക്തതയില്ലെന്നാണ് പ്രീതിയുടെ നിലപാട്.

Top