തുടർച്ചയായ വീഴ്ചകൾ ;ലോക്നാഥ് ബെഹ്റയുടെ പോലീസ് മേധാവി സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: മുഖം നഷ്ടപ്പെട്ട പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വഴിതേടി മുഖ്യമന്ത്രി പിണറായി വിജയൻ നീക്കം തുടങ്ങി .മുന്‍ ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും അടക്കമുള്ളവരെ നയരൂപീകരണത്തിനായി യോഗം വിളിച്ചു . നാളെ വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രിയുടെ ഓഫിസിലാണു യോഗം. തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകള്‍ പരിഹരിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യും.അതേസമയം പോലീസ് ഭരണം വാൻ വിമര്ശനത്തിന് കാരണമാകുന്നതിനാൽ  പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്. ഈ ആവശ്യം സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്‍റെ പ്രവർത്തനം വലിയ വിമർശനത്തിന് ഇടയായ സാഹചര്യത്തിൽ ബെഹ്റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണെന്ന വ്യക്തമായ സൂചന തന്നെ സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലായ സ്ഥിതിയിൽ ഇനിയും തൽസ്ഥിതി തുടർന്നാൽ സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന തകരാർ വർധിപ്പിക്കുകയുള്ളുവെന്ന വാദം പിണറായിക്ക് മുന്നിൽ ശക്തമായി നിൽക്കുകയാണ്. തത്കാലം ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന കൃത്യമായ വിവരം. ബെഹ്റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

നിലവിലെ വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ബിഎസ്എഫ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത് കേന്ദ്രത്തിലേക്ക് പോയ സാഹചര്യത്തിൽ വിജിലൻസിന് നാഥനില്ലാത്ത അവസ്ഥയാണ്. ഈ ഒഴിവിലേയ്ക്ക് പകരം നിയമനം നടത്തേണ്ട സാഹചര്യം കൂടി പരിഗണിച്ചായിരിക്കും സ്ഥലമാറ്റം. ഡിജിപിമാരായ എ.ഹേമചന്ദ്രൻ, ഋഷിരാജ് സിംഗ് എന്നിവരെയാണ് ബെഹ്റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇന്‍റലിജൻസ് മേധാവിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹേമചന്ദ്രനോടാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉൾപ്പടെയുള്ളവർക്ക് താത്പര്യം. ഡിജിപിയെ മാറ്റണമെന്ന ആവശ്യം മന്ത്രിമാരിൽ ചിലരും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു. ഈ നില തുടർന്നാൽ സർക്കാരും പാർട്ടിയും ജനങ്ങൾക്കു മുന്നിൽ ഒറ്റപ്പെടുമെന്ന ശക്തമായ വാദം തന്നെ മന്ത്രിമാർ ഉന്നയിച്ചത്. രണ്ടുവർഷം പിന്നിടുന്ന പിണറായി സർക്കാരിന് പോലീസിന്‍റെ പ്രവർത്തനം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

പൊലീസ് തലപ്പത്തെ അഴിച്ചുപണി സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ഒടുവില്‍ കെവിന്‍റെ ദുരഭിമാനക്കൊലയിലും മുഖ്യമന്ത്രി അടക്കം നേരിട്ടു വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട സ്ഥിതിവിശേഷം വകുപ്പു ഗൗരവത്തോടെയാണു കാണുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ അടക്കം വിഷയമാക്കി പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണു നടത്തുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിലും സര്‍ക്കാരിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.കൊലയാളികളെ സംരക്ഷിക്കുന്ന അന്വേഷണമാണു നടക്കുന്നതെന്നു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസന്‍ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കെവിന്റെ വീട് സന്ദര്‍ശിച്ചശേഷം ഹസന്‍ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷിച്ചു വേണ്ട നടപടിയെടുക്കുന്നുണ്ടെന്നു വൈക്കം വിശ്വന്‍ പറഞ്ഞു. കുടുംബത്തിനു വേണ്ട സഹായവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Top