മധ്യപ്രദേശ് പിടിച്ച് കോണ്‍ഗ്രസ്.പിന്തുണയുമായി ബി.എസ്.പിയും എസ്.പിയും

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക് .തിരഞ്ഞെടുപ്പിലെ പൂർണ്ണ ഫലം പുറത്ത് വരുന്നതിന് മുൻപേ ഭൂരിപക്ഷം ഉറപ്പാക്കി ഭരണത്തിന് അവകാശം ഉയർത്തി കോൺഗ്രസ് രംഗത്ത് .അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക്  ഒടുവില്‍ മധ്യപ്രദേശ് പിടിച്ച് എടുക്കുകയാണ് കോണ്‍ഗ്രസ്. വോട്ടെടുപ്പിലെ അനിശ്ചിത്വം അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു.

230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ബിഎസ്പി എസ്.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണറെ കണ്ടു കത്ത് നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ ബിഎസ്പി ജയിച്ച രണ്ട് സീറ്റുകളും എസ്.പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.

അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍തൂക്കം കമല്‍നാഥിനാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക രാഹുല്‍ ഗാന്ധിയാവും എന്നതിനാല്‍ രാഹുലിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളാണുള്ളത്. 2003 തൊട്ട് ബി.ജെ.പിയാണ് ഇവിടെ അധികാരത്തില്‍. തുടര്‍ച്ചയായി മൂന്ന് തവണയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. 2013ല്‍165 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 29ല്‍ 27 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.

എന്നാല്‍ അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്. 2015 നവംബറില്‍ രത്‍ലം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തു. മംഗോളി, കോലാറസ്, ചിത്രകൂട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം നേടി.മിക്ക എക്സിറ്റ് പോളുകളും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്.

Latest
Widgets Magazine