പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ വെറും രണ്ടു സീറ്റുമായി കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്ന സർവേ ഫലം പുറത്ത്. കോൺഗ്രസ് പാർട്ടി പ്രാദേശിക ഘടകങ്ങൾ വഴി സമാഹരിച്ച പ്രീപോൾ സർവേയിലാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഉള്ളത്. ശബരിമല സമരം വഴി സംഘപരിവാർ ഗ്രൂപ്പുകൾ ശേഖരിക്കുന്ന വോട്ട് കോൺഗ്രസ് പാർട്ടിയുടെ വോട്ടിൽ വൻ വിള്ളൽ വീഴ്ത്തുമെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നത്. എറണാകുളവും, വയനാടും ഒഴികെ മറ്റൊരു സീറ്റിലും കോൺഗ്രസിന് ആധിപത്യമുണ്ടാകില്ലെന്നും, വൻ പരാജയമാണ് കാത്തിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാകുന്നു. നിലവിലുള്ള കണക്കുകൾ പ്രകാരം ആഞ്ഞു പരിശ്രമിച്ചാൽ പോലും കിട്ടാൻ ഒരു സാധ്യതയുമില്ലാത്തത് അഞ്ചു സീറ്റുകളാണ്. ആലത്തൂർ, ആറ്റിംഗൽ, ചാലക്കുടി, തൃശൂർ, ആലപ്പുഴ സീറ്റുകളിൽ ഇനി ഒരു വിജയം വിദൂര സ്വപ്‌നമാണെന്നും പ്രാഥമിക തലത്തിൽ നിന്നും ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
കോൺഗ്രസ് മത്സരിക്കുന്ന 16 ലോക്‌സഭാ സീറ്റുകളിലെ വോട്ടർമാരിൽ നിന്നു ശേഖരിച്ച പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവേ ഫലം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, ഇത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഏറെ ആശങ്ക ജനിപ്പിക്കുന്ന കണക്കാണ്. കേരളത്തിൽ നിന്നു പരമാവധി സീറ്റ് വിജയിച്ച് ദേശീയ തലത്തിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കണമെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടലിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സർവേ ഫലങ്ങൾ. കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ മൂഡ് പരിശോധിച്ച് സാമ്പിൾ സർവേയിൽ നിന്നാണ് കോൺഗ്രസിന്റെ ജയപരാജയങ്ങൾ പാർട്ടി ഘടകങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചത്.
കോൺഗ്രസ് പാർട്ടിയുടെ സർവേയിൽ ബിജെപിയുടെ വോട്ടിൽ വൻ വർധനവുണ്ടാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റൊരു മണ്ഡലത്തിലും ബിജെപിയ്ക്ക് വിജയ സാധ്യതയില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ബിജെപിയ്ക്ക് വോട്ടിൽ വൻ വർധവനുണ്ടാകുമെന്നും സർവേയിൽ കണക്ക് കൂട്ടുന്നു.


