കെ സുധാകരന്റെ അപ്രമാധിത്വത്തിനുള്ള തിരിച്ചടി: കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതന്റെ സഹായം തേടാന്‍ കോണ്‍ഗ്രസ് തീരുമാനം

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതന്റെ സഹകരണത്തോടെ ഭരണം നേടുന്നതിന് കെ.പി.സി.സി. തീരുമാനം. ഡി.സി.സി.കളെടുത്ത അച്ചടക്ക നടപടികള്‍ അതത് ജില്ലകളിലെ പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാമെന്നാണ് കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ തീരുമാനം. കെ.പി.സി.സി. എടുത്ത അച്ചടക്ക നടപടി അതേപടി നിലനിര്‍ത്തും.
കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ജയിച്ച കോണ്‍ഗ്രസ് വിമതനെതിരെ നടപടി എടുത്തത് ഡി.സി.സി.യാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.കണ്ണൂരില്‍ കെ സുധാകരനുള്ള അപ്രമാധിത്വത്തിനുള്ള തിരിച്ചടി തന്നെയാണ് രാഗേഷിന്റെ പിന്തുണ സ്വീകരിക്കുന്നതിലൂടെ ഉളവായിരിക്കുന്നത്.k sudhakaran -p jayarajan

കെ.സുധാകരനെ വെട്ടി കിംഗ് മേക്കറായിരിക്കയാണ് പി.കെ.രാഗേഷ്. പി.കെ.രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചതിന് ശേഷമാണ് കോര്‍പറേഷനില്‍ പി.കെ.രാഗേഷ് കോണ്‍ഗ്രസ്സിനെ പിന്‍തുണക്കാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന. രാഗേഷിന്റെ പിന്‍തുണ സ്വീകരില്ലെന്ന നിലപാടാണ് സുധാകരന്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. ശാദുലിപ്പള്ളിയില്‍ നിന്ന് ജയിച്ച സ്വതന്ത്രന്റെ പിന്‍തുണ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സുധാകരന്റെ തുടക്കത്തിലുള്ള പ്രതികരണം. എന്നാല്‍ സ്വതന്ത്രന്‍ പിന്‍തുണ നല്‍കില്ലെന്ന് അറിയിച്ചതിന് ശേഷമാണ് സുധാകരന്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായത്. കാലങ്ങളായി കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായിരുന്ന സുധാകരന്റെ അപ്രമാധിത്വത്തിനുള്ള തിരിച്ചടികൂടിയാണ് രാഗേഷിന്റെ വിജയം. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തിലും സുധാകര പക്ഷത്തിന് യാതൊരു പങ്കുമില്ലാത്ത നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സുധാകരന്റെ സ്വന്തക്കാരായി തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. പി.കെ.രാഗേഷുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്ന് പറഞ്ഞ ചില ലീഗുകാരും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താന്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ലീഗ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഗേഷിന്റെ നിലപാട് മാറ്റം ഏറെ നിരാശപ്പെടുത്തിയത് പി.ജയരാജന്റെ സിപിഎമ്മിനെയാണ്. കോര്‍പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പി.കെ.രാഗേഷിനെ കൂടെക്കൂട്ടാന്‍ പി.ജയരാജന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. നേരിട്ടും ദൂതന്‍ മുഖേനയും നിരവധി തവണ സിപിഎം രാഗേഷുമായി ബന്ധപ്പെട്ടിരുന്നു. സുധാകരനും ഡിസിസി പ്രസിഡണ്ട് സുരേന്ദ്രനുമായുള്ള വൈരാഗ്യം മുതലെടുത്ത് രാഗേഷിനെ കൂടെക്കൊണ്ടുവരാമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം നേതൃത്വം. എന്നാല്‍ രാഗേഷിന്റെ നിലപാട് സിപിഎമ്മിന് അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ജയരാജനും എത്തിയിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ അധികാരത്തിലെത്താനുള്ള വിദൂര സാധ്യതപോലുമില്ലെന്ന് ജയരാജന്റെ ശരീരഭാഷ തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു. ജയരാജനുമായി രാഗേഷ് ഹസ്തദാനം ചെയ്തുവെങ്കിലും ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമായിരുന്നു ഇത്. ജയരാജനോട് സംസാരിക്കുവാനും രാഗേഷ് മുതിര്‍ന്നില്ല.
കോണ്‍ഗ്രസ്സിലുള്ള അനൈക്യവും ലീഗുമായുള്ള അഭിപ്രായ വ്യത്യാസവും തെരഞ്ഞെടുപ്പില്‍ മുതലെടുക്കാനായില്ല എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ എം.വി.ജയരാജനെ തള്ളി എം.പ്രകാശനെ ചുമതലയേല്‍പിച്ചതാണ് മുന്‍തൂക്കം നഷ്ടപ്പെടാന്‍ കാരണമായതെന്ന അഭിപ്രായവും സിപിഎമ്മിനകത്തുണ്ട്. പാര്‍ട്ടി സംവിധാനത്തെ മുഴുവനായും ചലിപ്പിക്കാനോ തന്ത്രങ്ങള്‍ മെനയാനോ സാധിക്കാത്തതും പരാജയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സിഎംപി സ്ഥാനാര്‍ത്ഥി എം.വി.ഗിരിജ മത്സരിച്ച കിഴുന്ന ഡിവിഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നാമമാത്രമായി മാത്രമേ പ്രവര്‍ത്തനത്തിനിറങ്ങിയുള്ളു. സിഎംപിയുമായി ഒത്തുചേര്‍ന്ന് പോകുന്നതിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കത്തെ അണികള്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് കിഴുന്നയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അടവ് നയത്തിന്റെ ഭാഗമായി ചില സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തതാണ് വിനയായതെന്നും സിപിഎം വിലയിരുത്തുന്നു. പുതുതായി രൂപീകരിച്ച കോര്‍പറേഷനില്‍ രാഷ്ട്രീയ സദാചാരം മറന്ന് ആരുമായും കൂട്ടുകൂടാമെന്ന നിലപാടാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സിപിഎം സ്വീകരിച്ചത്. തന്റെ ആജ്ഞാനുവര്‍ത്തികളെയല്ലാതെ മറ്റാരെയും കോണ്‍ഗ്രസ്സില്‍ നിലനിര്‍ത്തില്ലെന്ന സുധാകരന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

Top