കോപ്പയിൽ ആവേശക്കോടുങ്കാറ്റ് സൃഷ്ടിക്കാൻ ഒരുങ്ങി അർജൻ്റീന – ബ്രസീൽ ഫൈനൽ. കൊളംബിയയെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ

ന്യുയോർക്ക് :കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ഫൈനലിൽ എത്തി.കോപ്പയിൽ ആവേശക്കോടുങ്കാറ്റ് സൃഷ്ടിക്കാൻ ഒരുങ്ങി അർജൻ്റീന – ബ്രസീൽ ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമി മത്സരത്തിൽ അർജൻ്റീന കൊളംബിയയെ തോൽപ്പിച്ചതോടെയാണ് എല്ലാവരും കാത്തിരുന്ന സ്വപ്ന ഫൈനൽ മോഹം പൂവണിഞ്ഞത്. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജൻ്റീന കൊളംബിയയെ മറികടന്നത്. ഷൂട്ടൗട്ടിൽ കൊളംബിയ താരങ്ങളുടെ മൂന്ന് കിക്കുകൾ തടഞ്ഞിട്ട അർജൻ്റീന ഗോളി എമിലിയാനോ മാർട്ടിനസാണ് അർജൻ്റീനയുടെ വിജയശിൽപി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ അർജൻ്റീനക്കായി കിക്കെടുത്തവരിൽ മെസ്സി, പരേദേസ്, ലുവാതരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡി പോളിൻ്റെ ഷോട്ട് പുറത്തേക്ക് പോയി. മറുവശത്ത് കൊളംബിയക്കായി ക്വാഡ്രാഡോ, ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സാഞ്ചസ്, യെറി മിന, എഡ്വിൻ കാർഡോണ എന്നിവരുടെ ഷോട്ടുകൾ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ടു.

ഫൈനൽ മുന്നിൽക്കണ്ടിറങ്ങിയ അർജൻ്റീന ടീം മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. അകൂനക്ക് പകരം ടാഗ്ലിയാഫിക്കോയേയും പരേദേസിന് പകരം റോഡ്രിഗസിനേയും അർജൻ്റീന പരിശീലകൻ കളത്തിലറക്കി. മറുവശത്ത് കൊളംബിയയുടെ നിർണായക താരമായ ക്വാഡ്രാഡോ പരുക്ക് ഭേദമായി തിരിച്ചെത്തി.

ആദ്യം മുതൽ തന്നെ ആക്രമണങ്ങൾ നടത്തിയ അർജൻ്റീന അവരുടെ മുന്നേറ്റങ്ങളുടെ പവർഹൗസായ മെസ്സിയിലൂടെ നാലാം മിനിറ്റിൽ തന്നെ അവസരം തുറന്നെടുത്തു. മൂന്ന് കൊളംബിയൻ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് കയറിയ മെസ്സി ബോക്സിൻ്റെ മധ്യത്തിലേക്ക് ലുവാതരോ മാർട്ടിനസിന് ഒരു ക്രോസ് ചിപ് ചെയ്ത് നൽകി. ക്രോസിലേക്ക് താരം തല വെച്ചെങ്കിലും ഹെഡ്ഡർ പോസ്റ്റിന് അടുത്തുകൂടി പുറത്തേക്ക് പോയി.

പക്ഷേ വൈകാതെ തന്നെ അർജൻ്റീന കളിയിൽ ലീഡ് നേടി. മെസ്സി – മാർട്ടിനസ് സഖ്യം തന്നെയാണ് ഇതിനായി പ്രവർത്തിച്ചത്. ലോ ചെൽസോ ബോക്സിലേക്ക് നൽകിയ ത്രൂ പാസ് സ്വീകരിച്ച മെസ്സി ബോക്സിൽ വെച്ച് മാർട്ടിനസിന് നൽകിയ കട്ട്ബാക്ക് പാസിൽ നിന്നുമാണ് ഗോൾ പിറന്നത്. മെസ്സി നൽകിയ പാസ് സ്വീകരിച്ച് താരമെടുത്ത ഷോട്ട് കൊളംബിയൻ ഗോളി ഒസ്പിനക്ക് അവസരം ഒന്നും നൽകാതെ വലയിൽ. ഗോൾ വഴങ്ങിയതിന് ശേഷം കളി തുടങ്ങിയപ്പോൾ പന്തെടുത്ത് മുന്നേറിയ കൊളംബിയൻ താരങ്ങൾ ഗോൾ നേടേണ്ടതായിരുന്നെങ്കിലും ക്വാഡ്രാഡോയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജൻ്റീന ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തി.

പിന്നാലെ മികച്ച നീക്കങ്ങളുമായി കൊളംബിയ കളം പിടിച്ചു. 36ാം മിനിറ്റിൽ ബോറെയുടെ ബോക്സിലേക്ക് വന്ന ക്രോസിൽ നിന്നും വിൽമർ ബാരിയോസ് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ 37ാം മിനിറ്റിൽ ക്വാഡ്രാഡോ എടുത്ത കോർണർ കിക്കിലേക്ക് ചാടി ഹെഡ് ചെയ്ത യെറി മിനയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തേക്കും പോയി.44ാം മിനിറ്റിൽ അർജൻ്റീന രണ്ടാം ഗോൾ നേടേണ്ടതായിരുന്നു. മെസ്സി എടുത്ത കോർണറിൽ നിന്നും വന്ന ക്രോസിൽ നിക്കോളാസ് ഗോൺസാലസ് ഹെഡ് ചെയ്തെങ്കിലും കൊളംബിയൻ ഗോളി ഒസ്പിന അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളുമായാണ് കൊളംബിയ ഇറങ്ങിയത്. കൊളംബിയ ഗോൾ നേടാനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. 48ാം മിനിറ്റിൽ ഡിയാസ് എടുത്ത ഷോട്ട് അർജൻ്റീന ഗോളി മാർട്ടിനസ് ഡൈവിലൂടെ രക്ഷപ്പെടുത്തി. ഇടക്കിടെ പന്തുമായി മുന്നേറി ബോക്സിൽ എത്തിയ ഡിയാസ് അർജൻ്റീന പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. പിന്നാലെ അർജൻ്റീനയും മാറ്റങ്ങൾ വരുത്തി. ലോ ചെൽസോയെ പിൻവലിച്ച് പരേദേസിനെ പകരക്കാരനായി ഇറക്കി.

61ാം മിനിറ്റിൽ ലൂയിസ് ഡിയാസിൻ്റെ ഗോളിൽ അർജൻ്റീനയെ കൊളംബിയ സമനിലയിൽ പിടിച്ചു. എഡ്വിൻ കാർഡോണയുടെ ബുദ്ധിപരമായ നീക്കത്തിൽ നിന്നുമാണ് ഗോൾ വന്നത്. മൈതാനത്തിന് നടുവിൽ നിന്നും കിട്ടിയ ഫ്രീകിക്കിൽ മുന്നോട്ട് കയറിയാണ് അർജൻ്റീന പ്രതിരോധം നിൽക്കുന്നതെന്ന് മനസ്സിലാക്കി മുന്നിലേക്ക് നീട്ടി നൽകിയ ഒരു മിന്നൽ പാസ് പിടിച്ചെടുത്ത് മുന്നേറിയ ഡിയാസ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ആംഗിളിൽ നിന്നാണ് ഗോൾ നേടിയത്.

പിന്നാലെ കളിയിൽ അർജൻ്റീനക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അവരത് തുലച്ചു. 73ാം മിനിറ്റിൽ കൊളംബിയ പ്രതിരോധ താരത്തിൻ്റെ പിഴവിൽ നിന്നും പന്തുമായി മുന്നേറിയ ഡി മരിയ മുന്നോട്ട് കയറി വന്ന കൊളംബിയൻ ഗോളിയെ മറികടന്ന് മുന്നോട്ട് കുതിച്ചു. ബോക്സിൽ രണ്ട് കൊളംബിയൻ താരങ്ങൾ മാത്രം നിൽക്കെ താരം പന്ത് മാർട്ടിനസിന് മറിച്ച് നൽകി. പന്ത് സ്വീകരിച്ച് മർട്ടിനസ് എടുത്ത ഷോട്ട് പക്ഷേ ഗോൾലൈനിൽ വെച്ച് ബാരിയോസ് രക്ഷപ്പെടുത്തി. ഇതിൽ നിന്ന് റീബൗണ്ട് ലഭിച്ചെങ്കിലും ഡി മരിയ എടുത്ത ഷോട്ട് പുറത്തേക്ക് പോയി.

വിജയഗോൾ നേടാൻ അർജൻ്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അതെല്ലാം പോസ്റ്റിലും കൊളംബിയൻ താരങ്ങളുടെ ദേഹത്ത് തട്ടി മടങ്ങി. കളി അവസാന പത്ത് മിനിറ്റിലേക്ക് കടന്നതോടെ വിജയം ഉറപ്പിക്കാൻ ഇരു ടീമുകളും പൊരുതിയതോടെ കളി അല്പം പരുക്കനായി. നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിലും സമനില പലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

Top