കോന്നിയിലെ മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യ: സി.പി.എം പ്രതിക്കൂട്ടിൽ; വെള്ളപുതപ്പിച്ചു കെടത്തുമെന്നു പാർട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

പത്തനംതിട്ട: സി.പി.എം എന്ന പാർട്ടിയെപ്പറ്റിയും പാർട്ടിയുടെ രീതികളെപ്പറ്റിയും മലയാളികൾക്കു നന്നായി അറിയാം. കേഡർ സ്വഭാവമുള്ള പാർട്ടിയിൽ നിന്നും പുറത്താകുകയോ, പുറത്തു പോകുകയോ ചെയ്യുന്നവർക്ക് കടുത്ത ഭീഷണിയാണ് പലപ്പോഴും നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരു ഭീഷണിയുടെ കഥയാണ് ഇപ്പോൾ പത്തനംതിട്ടയിൽ നിന്നും പുറത്തു വരുന്നത്.

കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ സി പി എമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായി മാറിയത്. ആത്മഹത്യയ്ക്ക് പിന്നിൽ സി പി എം ആണെന്ന ഓമനക്കുട്ടന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടൻ മുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തി. ഓമനക്കുട്ടനെ പാർട്ടിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭാര്യ രാധ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ‘ കളളക്കേസിൽ കുടുക്കുമെന്ന് അനീഷും ശ്രീകുമാറും അജിതയും പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി ഇത്രയും നാൾ ജീവിച്ചതാണ്. പതിനെട്ടാമത്തെ വയസിൽ തുടങ്ങിയതാണ് പാർട്ടി പ്രവർത്തനം. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഭീഷണി.’ – എന്നാണ് ഭാര്യ രാധ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ പോയ ഭാര്യ തിരികെ വന്നപ്പോഴാണ് വീടിന്റെ പരിസരത്ത് ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേതൃത്വവുമായുളള അസ്വാരസ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി ഓമനക്കുട്ടൻ പാർട്ടിയിൽ സജീവമല്ല.

Top