ഭരണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം; ആഭ്യന്തരവകുപ്പിനെതിരെ കടുത്ത പരാതികള്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം. പ്രകടന പത്രികയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് വേഗം പോരെന്നും സര്‍ക്കാര്‍ കുറച്ചുകൂടി ഊര്‍ജസ്വലമാകണം എന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ മറച്ചുവയ്ക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബലിയാടുകളെ കണ്ടെത്തില്ല. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിന്റെ ഭരണം ഇപ്പോള്‍ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ മേലുള്ള നിരീക്ഷണവും അവലോകനവും തുടരുമെന്നും യെച്ചൂരി പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
അക്രമത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. എന്നാല്‍ ജനാധിപത്യമാര്‍ഗത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top