മറയൂർ: ഒരു വർഷം മുമ്പ് വെട്ടി പരുക്കേൽപ്പിച്ച ആളെ വീണ്ടും വാക്കത്തി കൊണ്ട് വെട്ടിയ കേസിൽ പ്രതി ഒളിവിൽ. കുളിച്ചിവയൽ നാക്കുപെട്ടി ആദിവാസി കുടിയിലെ മുത്തുസ്വാമി(49)ക്കാണ് വീണ്ടും വെട്ടേറ്റത്. കഴിഞ്ഞവർഷം ജനുവരി ഒന്നിന് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കുടി സ്വദേശിയായ ലവനെ ദിവസങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മുത്തുസ്വാമി കോട്ടയം മെഡിക്കൽ കോളജിൽ ദിവസങ്ങളുടെ ചികിത്സയ്ക്ക് ശേഷം കുടിയിൽ എത്തി. ലവനും ജാമ്യത്തിലിറങ്ങി കുടിയിലായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ രണ്ടുപേരും തമ്മിൽ വാക്കുതർക്കത്തെത്തുടർന്ന് കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് മുത്തുസ്വാമിയേ വെട്ടി പരുക്കേൽപ്പിച്ചത്. സമീപവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പോലീസ് സഹായത്തോടെ മുത്തുസ്വാമിയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മറയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതി ലവനെ പിടികൂടാൻ കുടി മേഖലയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.


