ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടത്തിന് കുട്ടികള്‍ നേരിടുന്നത് കൊടിയ പീഡനമെന്ന് ഡിജിപി ശ്രീലേഖ; ആചാരത്തിന് പിന്നിൽ ദേവിക്ക് രക്തം ഇഷ്ടമാണെന്നത് അന്ധവിശ്വാസം

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഡിജിപി ആര്‍. ശീലേഖ. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ തൊലിയില്‍ ഇരുമ്പ് കൊളുത്ത് കുത്തിക്കയറ്റുന്ന പ്രാകൃതമായ ആചാരത്തെ ഡിജിപി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ പൊങ്കാലക്കാലത്ത് ആണ്‍കുട്ടികള്‍ നേരിടുന്ന ക്രൂരപീഡനം ആരും ശ്രദ്ധിക്കാതെ പോകുകയാണെന്ന് ശ്രീലേഖ പറയുന്നു. ആറ്റുകാല്‍ ദേവിയുടെ ഭക്തയാണ് താനെന്നും സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിപ്പിക്കണമെന്ന തന്റെ അപേക്ഷ ദേവി സാധിച്ചു തന്നു എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ദേവപ്രീതിക്ക് വേണ്ടി ആണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്ന ക്രൂരപീഡനത്തെക്കുറിച്ച് തന്റെ ബ്ലോഗില്‍ ശ്രീലേഖ കുറിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image result for dgp r sreelekha ips blog

എല്ലാവര്‍ഷവും ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് ക്ഷേത്രം അധികൃതരും കുട്ടികളുടെ രക്ഷകര്‍ത്താക്കളും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് കുട്ടികള്‍ അനുഭവിക്കുന്നതെന്ന് ശ്രീലേഖ ആരോപിക്കുന്നു. 5 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള ആയിരത്തിലേറെ ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നത്. കുട്ടികള്‍ 5 ദിവസം വ്രതമെടുക്കണം. ഈ 5 ദിവസവും കടുത്ത ശാരീരിക-മാനസിക പീഡനമാണ് കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്. ദിവസം 3 നേരം തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കുട്ടികള്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഈ 5 ദിവസങ്ങളില്‍ അരയില്‍ ഒരു ചെറിയ തുണി മാത്രം ധരിക്കാനും തുച്ഛമായ എന്തെങ്കിലും കഴിക്കാനും മാത്രമേ പാടുള്ളൂ. ദിവസം മുഴുവന്‍ വെറും നിലത്ത് ഇരിക്കാന്‍ മാത്രം അനുവാദമുള്ള കുട്ടികള്‍ അമ്പലത്തിന്റെ മുറ്റത്ത് വെറും നിലത്താണ് ഉറങ്ങുക. മന്ത്രങ്ങള്‍ ജപിക്കുകയും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നവരെ അന്ധമായി അനുസരിക്കുകയും ചെയ്യാന്‍ മാത്രം അനുവാദമുള്ള കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ അവരുടെ മാതാപിതാക്കളെ കാണാനും കഴിയില്ല.

പൊങ്കാല ദിവസമാണ് ആണ്‍കുട്ടികള്‍ ഏറ്റവും ക്രുരമായ പീഡനത്തിന് വിധേയരാകുന്നത്. മഞ്ഞ വസ്ത്രങ്ങളില്‍ അലങ്കരിച്ച് ആഭരണം ധരിപ്പിച്ച് നിറുത്തുന്ന കുട്ടികളുടെ തൊലിയിലൂടെ ഇരുമ്പു കൊളുത്ത് കുത്തിയിറക്കുന്നു. അത് കുത്തിക്കയറുമ്പോള്‍ കുട്ടികള്‍ അലറിക്കരയും. രക്തമൊലിപ്പിച്ച് കുട്ടികള്‍ അലറിക്കരയുന്ന ഭീകരദൃശ്യം കൃത്യമായി ശ്രീലേഖ വരച്ചുകാട്ടുന്നു. കൊളുത്തൂരി എന്തോ ഭസ്മം മുറിവില്‍ തേയ്ക്കുന്നു. വീട്ടില്‍ നിന്ന് അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന മിക്ക കുട്ടികള്‍ക്കും തങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ക്രൂരപീഡനത്തെ കുറിച്ച് ഒരു രൂപവുമുണ്ടാകില്ല. കുട്ടികളെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 89, 319, 320, 349, 350, 351 വകുപ്പുകള്‍ അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു.

ഈ ക്രൂരത ദശകങ്ങളായി തുടരുകയാണ്. മുമ്പ് ഇവിടെ മൃഗബലി നടക്കാറുണ്ടായിരുന്നെന്ന് തന്റെ സുഹൃത്തും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവിന്റെ ‘ആറ്റുകാല്‍ അമ്മ ദ ഗോഡസ് ഒഫ് മില്യണ്‍സ്’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യം ശ്രീലേഖ ഓര്‍മ്മിപ്പിക്കുന്നു. ആണ്‍കുട്ടികളുടെ ദേഹത്ത് ഇരുമ്പ് കൊളുത്ത് കുത്തി തറയ്ക്കുന്ന പ്രാകൃതമായ ആചാരം അനുഷ്ഠിക്കുന്നത് ‘ദേവിക്ക് രക്തം ഇഷ്ടമാണ്’ എന്ന അന്ധവിശ്വാസം മൂലമാണ്.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിശ്വാസത്തിനു വേണ്ടി സ്വന്തം ഇഷ്ടപ്രകാരം എന്തു പീഡനവും സഹിക്കാം. അതുപോലെയല്ല കുട്ടികള്‍. 10 വയസ്സു മുതല്‍ പൊങ്കാല ഇട്ടിട്ടുള്ള താന്‍ ഇത്തവണ പൊങ്കാല ഇടുന്നില്ലെന്ന് ശ്രീലേഖ പറയുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സാകാണമെന്ന് പൊങ്കാലയിട്ടുകൊണ്ട് താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ദൈവികമായ ഒരു ഇടപെടലുണ്ടായി, കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന ഈ ആചാരം അവസാനിക്കുന്നെങ്കില്‍ മാത്രമേ ഇത്തവണ പൊങ്കാല ഇടുന്നില്ലെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകൂ. കൊച്ചുകുട്ടികളെ പീഡനത്തില്‍ നിന്ന് മുക്തരാക്കണമെന്നാണ് ഇത്തവണ താന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് ശ്രീലേഖ പറയുന്നു.

Top