ആലുവ: ഇടവേളയില്ലാത്ത പ്രസവത്തിന്റെ നാണക്കേട് മറച്ചുവയ്ക്കാനാണ് കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചത്. പെറ്റവയറിന്റെ നോവ് മാറും മുന്‍പേ ഒരു മാതാവില്‍ നിന്നും ഉയര്‍ന്ന ഈ വാക്കുകള്‍കേട്ട് പോലീസ് അമ്പരന്നു നിന്നുപോയി. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ പ്രസവം നടന്നയുടനെ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മാതാപിതാക്കളുടെ വിചിത്രമായ മറുപടി തള്ളി പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മനുഷ്യ മനസാക്ഷിയെ അമ്പരപ്പിച്ച ഈ ക്രൂരത അരങ്ങേറിയത് ചൊവ്വാഴ്ച ആലുവയിലാണ്. എടത്തല പഞ്ചായത്തിലെ അല്‍– അമീന്‍ നഗറിനു സമീപത്തു നിന്നാണ് ഒരു ചോരകുഞ്ഞിനെ കണ്ടെത്തിയത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടത് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ്. നോക്കുമ്പോള്‍ കാണുന്നത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കരഞ്ഞു തളര്‍ന്ന ഒരു പെണ്‍കുഞ്ഞ്.
പ്രസവം നടന്നിട്ട് മണിക്കൂറുകള്‍മാത്രമായിട്ടുള്ളുവെന്ന് ചോരകുഞ്ഞിന് കണ്ട സമീപവാസികളായ സ്ത്രീകള്‍ ഉറപ്പിച്ചു. ഓട്ടോ ഉടമ ബാബുവിനെ വിളിച്ചുവരുത്തി കാര്യം തിരക്കിയെങ്കിലും കുഞ്ഞിനെക്കുറിച്ച് വിവരം ലഭിച്ചില്ല. വീട്ടിലേക്ക് ഓട്ടോറിക്ഷ പോകാത്തതുകൊണ്ട് പതിവായി ബാബു വാഹനം റോഡരികില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. തിങ്കളാഴ്ച രാത്രി പത്തോടെ ഓട്ടോ കൊണ്ടിടുമ്പോള്‍ കുഞ്ഞുണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടോടെ നായ്ക്കളുടെ കുര കേട്ടതായി സമീപവാസികള്‍ ഓര്‍ത്തു. ഏതാണ്ട് ആ സമയത്ത് തന്നെയാണ് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ ഓട്ടോയില്‍ ഒളിപ്പിച്ച് പിതാവ് മുങ്ങിയത്. തെരുവുനായ്ക്കള്‍ വലിച്ചുകീറി കൊന്നില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍.
വിവരമറിയിച്ചയുടനെ എടത്തല സ്റ്റേഷനില്‍ നിന്നും പോലീസ് സ്‌ഥലത്തെത്തി. കുഞ്ഞിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തിനെത്തിച്ചു. പിന്നീട് സമീപ പ്രദേശത്തെ ഗര്‍ഭിണികളെക്കുറിച്ചും ആശുപത്രികളില്‍ നടന്ന പ്രസവത്തെക്കുറിച്ചുമായി പോലീസിന്റെ അന്വേഷണം. ഒടുവില്‍ അല്‍–അമീന്‍ നഗറിലെ ഒരു ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓട്ടോയില്‍ കയറി പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനു വിവരം നല്‍കി. ഏകദേശ രൂപം കിട്ടിയ ദമ്പതികളെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം ഇവരെ ഓട്ടോക്കാരുടെ സഹായത്തോടെ പോലീസ് കുന്നത്തേരിയില്‍ നിന്നും കണ്ടെത്തി. ആദ്യ ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം നിഷേധിച്ചെങ്കിലും വൈദ്യ പരിശോധനയില്‍ പ്രസവം നടന്നതായി സ്‌ഥിരീകരിച്ചു. ഇതോടെയാണ് അല്‍–അമീന്‍ നഗരറില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിപ്പറമ്പില്‍ ഷെഫീക്ക് (30), ഭാര്യ സിലിജ (27) എന്നിവരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്‌തമായത് ഇങ്ങനെ. ഷെഫീക്കിനും സിലിജയ്ക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് ആകുന്നതേയുള്ളു. വയസില്‍ കാര്യമായ വ്യത്യാസമില്ലാതെ മൂന്നാമത്തെ കുട്ടി ഉണ്ടായത് ദമ്പതികളില്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു പ്രസവം. ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ പിതാവ് ഷെഫീഖ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
സിലിജയെ പ്രസവാനന്തര ചികിത്സയ്ക്കായി ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള ഷെഫീക്കിനെ കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് അമ്മ സിലിജയെയും കോടതിയില്‍ ഹാജരാക്കുമെന്നും എടത്തല പ്രിന്‍സിപ്പല്‍ എസ്ഐ പി.ജെ. നോബിള്‍ അറിയിച്ചു.
തന്റെ മാതാപിതാക്കളുടെ ക്രൂരതയറിയാതെ കുഞ്ഞിപ്പോള്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ സ്നേഹ ലാളനയിലാണ്. രണ്ടരകിലോ തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മജ മേനോന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്


