ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി എത്താന്‍ സാധ്യത..!! കേരളത്തില്‍ കനത്ത മഴയും കാറ്റുമെന്ന് പ്രവചനം

തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യത. ഇത് കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ കനത്ത മഴയ്ക്ക് കാരണമാകും. ശക്തമായകാറ്റിനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിലും തമിഴ്നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുത്. 27-ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം.

വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും.

ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും. 30-ന് -ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

Top