കനത്ത മഴയും കാറ്റും കേരളത്തിൽ…!! നാലിടത്ത് ഓറഞ്ച് അലർട്ട്; 90-140 കി.മി വേഗതയിൽ കാറ്റടിക്കാൻ സാധ്യത

അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കേരള തീരത്തെ തിരുവനന്തപുരത്ത് നിന്ന് 270 കിലോമീറ്റർ അകലെ അറബിക്കടലിന്റെ പടിഞ്ഞാറ് ദിക്കിൽ ലക്ഷദ്വീപിനടുത്തായിട്ടാണ്  ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുന്നത്.

ഇതിനാൽ സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്കും തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും സാദ്ധ്യത. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദവും ക്യാർ ചുഴലിക്കാറ്റിന്റെ സാന്നിധ്യവും കണക്കിലെടുത്ത് യെല്ലോ മെസേജാണ് കാലാവസ്ഥാകേന്ദ്രം കേരളം, കർണാടക, മഹാരാഷ്ട്രാ സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സുരക്ഷാമുന്നറിയിപ്പുണ്ട്. മഴ പ്രതീക്ഷിക്കുന്നതിലേറെ കൂടിയാലുണ്ടാകുന്ന സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

ലക്ഷദ്വീപിനടുത്തുള്ള ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായും നാളെ തീവ്രചുഴലിയായും മാറുമെങ്കിലും അത് കേരളതീരം തൊടില്ല. ക്യാർ ചുഴലിയാകട്ടെ മഹാരാഷ്ട്രയ്ക്ക് 490 കിലോമീറ്റർ അകലെകൂടി ഒമാൻ തീരത്തേക്കാണ് നീങ്ങുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പുറത്ത് വിട്ടു.

പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ചുഴലിക്കാറ്റ് മണിക്കൂറിൽ 26 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 ഒക്ടോബർ 31 ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 10.2°N അക്ഷാംശത്തിലും 73.3°E രേഖാംശത്തിലും മാലദ്വീപിൽ നിന്ന് വടക്കായി 670 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇന്ന് (2019 ഒക്ടോബർ 31 ന്) ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിമീ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുക.

പുറപ്പെടുവിച്ച സമയം: 3 AM 31/10/2019
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Top