അവസാനത്തെ ഷോ കഴിഞ്ഞു; ദിലീപിന്‍റെ ഡി സിനിമാസ് അടച്ചുപൂട്ടി;ജീവനക്കാരുടെ പ്രതിഷേധം

ദിലീപിന്‍റെ തിയേറ്ററില്‍ ഇനി ആരവങ്ങള്‍ ഇല്ല. ആളുകളും ഇല്ല. തൃശൂര്‍ ചാലക്കുടി നഗരസഭാ കൗൺസിലിന്‍റെ തീരുമാനപ്രകാരം ഡി സിനിമാസ് തീയേറ്റർ കോംപ്ലക്സ് അടച്ചുപൂട്ടി. വെള്ളിയാഴ്ച രാത്രിയിലെ സെക്കന്‍റ് ഷോ പൂർത്തിയാക്കിയ ശേഷമാണ് ഡി സിനിമാസ് അടച്ചുപൂട്ടിയത്.

അനധികൃതമായി ഭൂമി കയ്യേറിയെന്നും, ചട്ടവിരുദ്ധമായി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് ഡി സിനിമാസിനെതിരെയുള്ള ആരോപണം. ഇതിൽ ചട്ടവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ തെളിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെട്ടിട നിർമ്മാണം സംബന്ധിച്ച് സമർപ്പിച്ച രേഖകളിൽ 80 ശതമാനവും ദിലീപിന്‍റെ പേരിലുള്ള വ്യാജ ഒപ്പുകളാണെന്നും കണ്ടെത്തിയിരുന്നു. അനധികൃത നിർമ്മാണത്തിന് കഴിഞ്ഞ കൗൺസിൽ നഗരസഭ സെക്രട്ടറിയെ സ്വാധീനിച്ച് പിഴ അടപ്പിച്ച് അംഗീകാരം നൽകിയെന്നും തെളിഞ്ഞു. ഇതേ തുടർന്നാണ് ഡിസിനിമാസ് അടച്ചുപൂട്ടാൻ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തത്.

നഗരസഭയുടെ തീരുമാനപ്രകാരം തീയേറ്റർ കോംപ്ലക്സ് അടച്ചുപൂട്ടാനായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വൈകീട്ട് തീയേറ്ററില്‍ എത്തിയിരുന്നു. എന്നാൽ തീയേറ്ററിലെത്തിയ ഉദ്യോഗസ്ഥരെ ജീവനക്കാർ തടഞ്ഞു. രണ്ട് ഷോയ്ക്കുള്ള ടിക്കറ്റുകൾ വിറ്റുപോയെന്നും സെക്കന്റ് ഷോ പൂർത്തിയാക്കാതെ തീയേറ്റർ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നുമായിരുന്നു ജീവനക്കാർ പറഞ്ഞത്.

സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലെത്തിയതോടെ നഗരസഭാ ഉദ്യോഗസ്ഥർ പോലീസിനെ വിളിച്ചുവരുത്തി. തുടർന്ന് ദിലീപിന്റെ സഹോദരൻ അനൂപും, തീയേറ്റർ മാനേജ്മെന്റും നഗരസഭാ ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

രാത്രിയിലെ സെക്കന്റ് ഷോ കഴിഞ്ഞതോടെ ഡി സിനിമാസ് അടച്ചുപൂട്ടി താക്കോൽ നഗരസഭാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.

Top