ചൈനീസ് ഭരണകൂടത്തോടുള്ള അതൃപ്തി പരസ്യമാക്കി ടിബറ്റന്‍ സന്യാസ സമൂഹത്തിന്റെ ആത്മീയാചാര്യന്‍ ദലൈലാമ. തന്റെ അടുത്ത അവതാരം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബുദ്ധനെ അംഗീകരിക്കുന്ന, മതസ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത മണ്ണിലാണ് അടുത്ത അവതാരമുണ്ടാവുകയെന്നും ദലൈലാമ പറഞ്ഞു. എന്നാല്‍ ലാമയുടെ ആഗ്രഹത്തെ പാടെ തള്ളിക്കളയുകയാണ് ചൈനീസ് ഭരണകൂടം. ടിബറ്റന്‍ സന്യാസസമൂഹത്തിന്റെയാകെ മനസാണ് ദലൈലാമ ധര്‍മശാലയില്‍ പങ്കുവെച്ചത്.
തന്റെ അടുത്ത അവതാരം ഇന്ത്യയില്‍ നിന്നാവും. കടുത്ത നിയമങ്ങളും അരാജകത്വവും അടിച്ചേല്‍പ്പിച്ച ഇന്നത്തെ ടിബറ്റില്‍ ആത്മീയാവതാരം സാധ്യമല്ല ചൈന അധികാരം ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ ആചാര്യനെ കണ്ടെത്താനുള്ള അവകാശം ചൈനയ്ക്കില്ല. ഒരുപക്ഷെ തന്റെ കാലശേഷം ചൈന തന്ത്രപരമായി ഒരാചാര്യനെ തിബറ്റിനുമേല്‍ അടിച്ചേല്‍പ്പിച്ചേക്കാം. എന്നാല്‍ ആ ജനത അത് അംഗീകരിക്കില്ല. ചൈനീസ് നിയമപ്രകാരം മാത്രമേ അടുത്ത ലാമ തിരഞ്ഞെടുക്കപ്പെടൂ എന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി.


