ദളിത് ഹർത്താലിൽ വാഹനങ്ങൾ തടയുന്നു; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്.. ആദിവാസി നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍!

തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനങ്ങള്‍ പരക്കെ തടയുന്നു. പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. പോലീസ് സംരക്ഷണം ലഭിച്ചാൽ മാത്രമേ സർവീസ് നടത്തൂ എന്നാണ് അധികൃതരുടെ നിലപാട്. പാലക്കാട്ടും ഇടുക്കിയിലെ തൊടുപുഴയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച സിഎസ് മുരളി, വിസി ജെന്നി എന്നീ നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിച്ച് പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസികള്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.തൃശ്ശൂര്‍ വലപ്പാട്ട് കെഎസ്ആര്‍ടിസി ബസിന് നേരെ ഉണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കോഴിക്കോടും കണ്ണൂരും വാഹനങ്ങള്‍ തടയുന്നുണ്ട്. ആലപ്പുഴയില്‍ വാഹനം തടഞ്ഞ 11 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മിക്ക ജില്ലകളിലും ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഹര്‍ത്താലിന് സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം യൂത്ത് കോണ്‍ഗ്രസും മുസ്ലീം യൂത്ത് ലീഗും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ വ്യാപക ആക്രമമുണ്ടാകുമെന്ന് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാര്‍ ദളിത് ഭാരതബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന നടപടിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഹര്‍ത്താലിനുള്ള ആഹ്വാനം. പട്ടികജാതി- പട്ടികവര്‍ഗ പീഡന വിരുദ്ദ നിയമം ദുര്‍ബലപ്പെടുത്തിയതിന് എതിരെയാണ് രാജ്യത്തെ ദളിത് സംഘടനകള്‍ ഭാരതബന്ദ് നടത്തിയത്.

ആലപ്പുഴയിൽ ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹർത്താലിനെ തുടർന്ന് മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ കൊച്ചിയിൽ സ്ഥിതി വ്യത്യസ്തമാണ്. നഗരത്തിൽ സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും വ്യാപകമായി നിരത്തിലിറങ്ങിയതോടെ കൊച്ചിയിലെ ഹർത്താൽ ഭാഗീകമാണെന്ന് പറയാം.

അതേസമയം തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിലും ഉള്ള്യേരിയിലും സമരനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കണ്ണൂര്‍ പുതിയതെരുവിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

Latest
Widgets Magazine