ഡൽഹി ഇന്ന് വിധിയെഴുതുന്നു,70 മണ്ഡലങ്ങൾ 672 സ്ഥാനാർത്ഥികൾ.പോരാട്ടം ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ

ന്യുഡൽഹി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവേ ഫലങ്ങൾ ആം ആദ്മിക്ക് അനുകൂലമാണ്. ബിജെപി സീറ്റ് നേട്ടം വർദ്ധിപ്പിക്കുമെങ്കിലും ഭരണം നേടാനാകില്ലെന്ന് സർവേ ഫലങ്ങൾ പറയുന്നു.70 അംഗ നിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 11ന് അറിയാം. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇക്കുറി പ്രധാന മത്സരം നടക്കുന്നത്. 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. ഡൽഹിയിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ചൂടിപ്പോഴും ആറിയിട്ടില്ല . അതിനാൽത്തന്നെ ഇന്നേവരെ കാണാത്തവിധം കനത്ത പ്രചാരണമായിരുന്നു ഇത്തവണ തലസ്ഥാനത്ത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടായിരുന്നു പാർട്ടി പ്രചാരണം നയിച്ചത്. ദേശീയതയും ഷഹീൻബാഗും ജെഎൻയു സമരവും അയോധ്യയും പൗരത്വ പ്രതിഷേധങ്ങളും വികസനവുമെല്ലാം ബിജെപി ആയുധമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5 വർഷത്തെ ഭരണനേട്ടങ്ങളിലും വികസനത്തിലുമൂന്നിയായിരുന്നു എഎപി പ്രചാരണമെല്ലാം. 1998 മുതൽ 2013 വരെ ഷീല ദീക്ഷിതിനു കീഴിൽ ഡൽഹിക്കുണ്ടായ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. 2015 ൽ 54.3% വോട്ടാണ് എഎപിക്കു ലഭിച്ചത്. ബിജെപിക്ക് 32 ഉം. കോൺഗ്രസിനാകട്ടെ 9.6 ശതമാനവും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ആം ആദ്മി വോട്ട് തേടിയത്. ബിജെപിയാകട്ടെ പ്രാദേശിക വിഷയങ്ങളെക്കാൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് ഉയർത്തിക്കാട്ടിയത്. വിവാദ പ്രസ്താവനകളുടെ പേരിൽ കപിൽ മിശ്രയും പർവേശ് വർമ്മയും അടക്കമുള്ള നേതാക്കൾക്ക് പ്രചാരണത്തിൽ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ 5 പോളിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 1,47,86,382 വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുക.തിരഞ്ഞെടുപ്പിന്റെ ഭാഗമായി തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീൻബാഗ് ഉൾപ്പെടെയുള്ള ‘സെൻസിറ്റീവ്’ മേഖലകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഷഹീൻബാഗിലെ അഞ്ച് പോളിങ് സ്റ്റേഷനുകളും അതീവജാഗ്രതാ മേഖലയായാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ വോട്ടർമാരെ ബൂത്തിലെത്തിക്കാനായി ഒട്ടേറെ പ്രചാരണ പരിപാടികളും നടത്തി. പ്രതിഷേധക്കാരെ കണ്ടും പ്രത്യേകം ക്യാംപെയ്ൻ നടത്തി. ഓഖ്‌ല മണ്ഡലത്തിനു കീഴിലാണ് ഷഹീൻ ബാഗ്.

Top