തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രുപ വീതം പിഴയും വിധിച്ചു. പിഴ തുകയില്‍ ആറു ലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിനും രണ്ടര ലക്ഷം രൂപ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചായക്കടക്കാരന്‍ അശോകനും നല്‍കണം.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍ ജഡ്ജി ബദറുദ്ദീനാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്ന കേസില്‍ ഓരോ കുറ്റത്തിനും വെവ്വേറെ ശിക്ഷയാണ് നല്‍കിയിരിക്കുന്നതെങ്കിലും ഇവയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം.
2009 സെപ്തംബര്‍ 29നാണ് പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു സമീപത്തുവച്ച് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഡി.എച്ച്.ആര്‍.എം ദക്ഷിണ മേഖല ചെയര്‍മാന്‍ വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തെടുവെ സുധി, വര്‍ക്കല സുധി, സുനില്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, കലാപമുണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ശിവപ്രസാദിന്‍െ ആക്രമിച്ച ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ചായക്കട നടത്തുന്ന അശോകനെയും മാരകയായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. രക്ഷപ്പെട്ട ഇയാളായിരുന്നു കേസിലെ മുഖ്യസാക്ഷി. 16 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ആറു പേരെ വെറുതെവിട്ടു. ഒരു പ്രതി വിചാരണ തുടങ്ങുംമുന്‍പ് മരണപ്പെട്ടിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്.
മുന്‍ വര്‍ക്കല സി.ഐയും നിലവില്‍ കഴക്കൂട്ടം സൈബര്‍സെല്‍ എ.സിയുമായ അനില്‍കുമാറായിരുന്നു കേസ് അന്വേഷിച്ചത്. പുതുതായി രൂപീകരിച്ച സംഘടനയെന്ന നിലയില്‍ ഡി.എച്ച്.ആര്‍.എമ്മിനെ കുറിച്ച് ജനങ്ങളില്‍ ഭീതി ഉണ്ടാക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


