സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ല : ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി നല്‍കിയ കത്ത് ചീഫ്‌സെക്രട്ടറി ഡി.ജി.പി. സെന്‍കുമാറിന് കൈമാറി. പരിശോധിച്ച് അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

   സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കരുതെന്ന നിബന്ധന തനിക്കറിയാം. എന്നാല്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ പരസ്യമായി സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാറുണ്ടെന്നും ജേക്കബ് തോമസ് മറുപടിയില്‍ വിശദമാക്കുന്നു. അച്ചടക്കലംഘനത്തിന് തനിക്ക് നോട്ടീസ് അയച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് നേരത്തേ ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് കത്തെഴുതിയിരുന്നു. വിശദീകരണം തേടാന്‍ താന്‍ ചെയ്ത തെറ്റെന്താണെന്നും അച്ചടക്കം ലംഘിച്ചതിന് തെളിവുകളുണ്ടെങ്കില്‍ വിശദീകരിക്കണമെന്നുമായിരുന്നു ചോദ്യം.

   വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും സത്യം ജയിച്ചെന്ന് പരസ്യപ്രതികരണം നടത്തിയതുമാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയരുതെന്ന് ടി.പി. സെന്‍കുമാര്‍, ജേക്കബ് തോമസിനെ വിമര്‍ശിച്ചു. പക്ഷേ അന്നുതന്നെ കറുത്ത സെല്ലോടേപ്പുമായി മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ജേക്കബ് തോമസ് തന്നെപ്പോലൊരു ഐ.പി.എസുകാരന്‍ മാത്രമാണ് സെന്‍കുമാറെന്ന് പറഞ്ഞു.

   അഗ്‌നിശമനസേനാ മേധാവി സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ ജേക്കബ് തോമസ് മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിന് ജേക്കബ് തോമസിന്, ചീഫ്‌സെക്രട്ടറി ആദ്യത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരസെക്രട്ടറിയും ഫ്‌ലറ്റുകാരുടെ യോഗത്തില്‍ പലതവണ പങ്കെടുത്തെന്നും ഇത് എന്തിന്റെ ലക്ഷണമാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നുവെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്.

Top