സുരക്ഷയ്ക്ക് ആയുധധാരികളായ സ്വകാര്യ സംഘം; ദിലീപിന്റെ ജാമ്യം റദ്ദാക്കും: കോടതിയിൽ റിപ്പോർട്ട് നൽകാൻ പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ച സംഭവത്തിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് രംഗത്ത്. ആയുധ ധാരികളായ സുരക്ഷാ ജീവനക്കാരുടെ അകമ്പടിയിൽ ദിലീപ് നടന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദിലീപിനും സുരക്ഷാ ഏജൻസി അധികൃതർക്കും കൊച്ചി പൊലീസിനു നോട്ടീസ് നൽകിയിട്ടുണ്ട്.
ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം. ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ലൈസൻസ്, ഏജൻസിക്കു നൽകിയിരിക്കുന്ന കരാറിന്റെ പകർപ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണു നിർദേശം.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണു ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. ദിലീപിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസി തണ്ടർ ഫോഴ്‌സിന്റെ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കൊച്ചിയിൽ ഇതേ ഏജൻസിയുടെ വാഹനം തടഞ്ഞപ്പോൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണു കസ്റ്റഡിയിലെടുക്കാൻ കാരണം. മലേഷ്യയിൽനിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണു പറഞ്ഞത്. എന്നാൽ, മലേഷ്യയിൽനിന്ന് അങ്ങനെയൊരു സ്പീക്കർ ഔദ്യോഗികമായി വന്നിട്ടില്ലെന്നു പൊലീസ് കണ്ടെത്തി. അതേസമയം, മലേഷ്യയിൽനിന്നുള്ള സ്പീക്കർ അനൗദ്യോഗികമായ കേരളത്തിൽ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജൻസി വ്യക്തമാക്കി. രേഖകൾ പരിശോധിച്ചു ബോധ്യപ്പെട്ടതോടെ വാഹനം പിന്നീടു വിട്ടയച്ചു. സുരക്ഷ ഏജൻസിയെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുമെന്ന് സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top