നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ കോടതിയിലെത്തിയിരുന്നുവെങ്കിലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കോടതിയെ സമീപിച്ചത്.
ദിലീപിന്റെ ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻറെ തീരുമാനം. ദിലീപിന്റെ സിനിമയിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുന്നത്.
എന്നാൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ഇതിൽ പ്രേസിക്യൂഷന് തിരിച്ചടിയാകുന്നത് അന്വേഷണ ഉദ്യോഗസ്ഥയായ സന്ധ്യയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്.
ദിലീപിനെതിരെ സിനിമയിലെ ചിലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് കേസെന്നാകും ദിലീപിന്റെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്.


