സിനിമാ ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ശേഷം ജയിൽ മോചിതനായ ദിലീപിനു സുരക്ഷ ഒരുക്കാൻ എത്തിയ തണ്ടർ ഫോഴ്‌സിനു പരിശീലനം നൽകിയത് സംവിധായകൻ മേജർ രവിയെന്നു റിപ്പോർട്ട്.
ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസി പൈലറ്റ് വാഹനങ്ങളും ആയുധ അകമ്പടിയുമായി താരത്തിന്റെ വീട്ടിലെത്തിയത് വലിയ വാർത്തയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ദിലീപിന്റെ വീട്ടിലേക്ക് സ്വകാര്യ സുരക്ഷാ ഏജൻസികളുടെ നിരവധി യൂണിറ്റുകളെത്തിയതിന് പിന്നാലെ പോലീസ് ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. വിരമിച്ച സൈനികരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന തണ്ടർ ഫോഴ്‌സ് എന്ന സ്വകാര്യ ഏജൻസി കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ താരത്തിന് സ്വമേധയാ സുരക്ഷാ വാഗ്ദാനം നൽകിയെന്നാണ് പിന്നീട് വന്ന വാർത്തകൾ. ഗോവയിലും കേരളത്തിലുമായി കേന്ദ്രീകരിച്ച് 2010ൽ പ്രവർത്തനം തുടങ്ങിയ ഈ ഏജൻസിയുടെ മുഖ്യ ഉപദേശകരിലൊരാൾ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിയാണെന്ന് ഇവരുടെ വെബ്‌സൈറ്റ് പറയുന്നു. റിട്ടയേഡ് ക്യാപ്ടൻ കെ. കെ. സുരേന്ദ്രനാണ് സെക്യൂരിറ്റി ഏജൻസിയുടെ മേധാവി.
സർക്കാർ സുരക്ഷാ ഏജൻസികളുടെ മാതൃകയിൽ ചുവപ്പും നീലയും ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച അകമ്പടി വാഹനങ്ങളുടെ ചിത്രങ്ങളും ഇവരുടെ വെബ് സൈറ്റിലുണ്ട്. തണ്ടർ ഫോഴ്‌സിനെ സുരക്ഷാ ചുമതല ഏൽപ്പിച്ചില്ലെന്നും പ്രാഥമിക ചർച്ച മാത്രമാണ് നടത്തിയിരുന്നതെന്നുമാണ് ദിലീപ് പോലീസിന് നൽകിയ വിശദീകരണം. ജാമ്യം ലഭിച്ചത് മുതൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ദിലീപ് പോലീസിനെ അറിയിച്ചിരുന്നില്ല. തണ്ടർ ഫോഴ്‌സ് ആയുധവുമായി എത്തിയാൽ പോലീസിനെ അറിയിക്കണമെന്ന് ആലുവാ റൂറൽ എസ് പി നിർദേശം നൽകിയിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ സർക്കാർ വാഹനമെന്ന് തോന്നുന്നതാണ് ഇവരുടെ സുരക്ഷാ വാഹനങ്ങൾ. മേജർ രവിയെ കൂടാതെ കേണൽ, ലെഫ്റ്റനന്റ് ജനറൽ പദവിയിൽ നിന്ന് വിരമിച്ച നിരവധി പേരും ഉപദേശക സമിതിയിലുണ്ട്.


