ക്രൈം ഡെസ്‌ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനു ശനിയാഴ്ചയും ജാമ്യം ലഭിച്ചില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് വാദം പൂർത്തിയായത്. കേസ് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ദിലീപിൻറെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസിൽ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ജാമ്യം നൽകണമെന്നുമാണ് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എന്നാൽ കേസിൽ അന്വേഷണം തുടരുന്നതിനാലും നിർണായകമായ അറസ്റ്റുകൾ ശേഷിക്കുന്നതിനാലും ജാമ്യം നൽകരുതെന്നാകും പ്രോസിക്യുഷൻ വാദം. നേരത്തെ ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.


