ദിലീപ് ഇനി കാവ്യയെ വിളിക്കേണ്ടെന്ന് നിര്‍ദ്ദേശം; കാവ്യയുടെ അറസ്റ്റ് ഉടന്‍?

: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ഭാര്യയെ വിളിക്കുന്നതിലും കാണുന്നതിലും വിലക്ക്. കാവ്യയുടെ അറസ്റ്റ് നീക്കത്തെ തുടര്‍ന്നാണിതെന്നാണ് സൂചന. ദിലീപിന്റെ സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ജയില്‍ അധികൃതര്‍ക്കു ഡി ജി പി ശ്രീലേഖ നിര്‍ദേശം നല്‍കി കഴിഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. കേസുമായി നേരിട്ടുബന്ധമുള്ള ആര്‍ക്കും ഇനി ദിലീപുമായി സംസാരിക്കാനോ സന്ദര്‍ശിക്കാനോ കഴിയില്ല. കാവ്യയ്ക്കും നാദിര്‍ഷയ്ക്കുമെല്ലാം വിലക്ക് നിലനില്‍ക്കും. കാവ്യയുടെ അറസ്റ്റ് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. വിചാരണ കഴിയുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപിന് സ്വാഭാവിക ജാമ്യസാധ്യത ഇല്ലാതാകും. നാലോ അഞ്ചോ വര്‍ഷം വിചാരണ നീണ്ടുനിന്നാല്‍ അത്രയുംകാലം ദിലീപ് ജയിലില്‍ കഴിയേണ്ടിവന്നേക്കാം. നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ജാമ്യസാധ്യതയില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കിയതോടെ പ്രതിഭാഗം പ്രതീക്ഷ അസ്തമിച്ചുകഴിഞ്ഞു.

Top