നടി ആക്രമണക്കേസില്‍ ദിലീപിന്റെ പങ്കിന് തെളിവുമായി പ്രതി; ബന്ധു മുഖേനെയാണ് പ്രതി പോലീസിനെ വിവരങ്ങള്‍ അറിയിച്ചത്

കൊച്ചി: നടി ആക്രമണക്കേസില്‍ വിചാരണ തുടങ്ങാനിരിക്കവെ ഞെട്ടിക്കുന്ന വെളിപപെടുത്തലുകളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്ന് റിമാന്റില്‍ കഴിയുന്ന ഒരു പ്രതിയുടെ വാഗ്ദാനം.

കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഇതിന്റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടും. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിപ്പട്ടികയിലുള്ളയാളെ മാപ്പുസാക്ഷിയാക്കുന്ന കീഴ്വഴക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതികളിലൊരാളുടെ ഈ ‘കൂറുമാറ്റം’ പൊലീസ് രഹസ്യമായി സൂക്ഷിച്ചു നിയമോപദേശം തേടുന്നത്. അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കോടതിയില്‍ ജാമ്യാപേക്ഷ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കുന്നതിനുള്ള തന്ത്രമായാണ് ഇതിനെ പൊലീസ് ആദ്യം കണ്ടത്. എന്നാല്‍, പ്രതി പിന്നീടു കൈമാറിയ രഹസ്യവിവരങ്ങള്‍ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് അന്വേഷണസംഘം ഇപ്പോഴിതിനെ ഗൗരവത്തോടെ കാണുന്നത്.

അന്വേഷണസംഘത്തിനു നിര്‍ണായക തെളിവുകള്‍ കൈമാറുന്ന പ്രതികളെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്ത ശേഷവും പ്രതിപട്ടികയില്‍ നിന്നും മാറ്റി മാപ്പുസാക്ഷിയാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം മജിസ്‌ട്രേട്ടിനെ അധികാരപ്പെടുത്തുന്നുണ്ട് (സിആര്‍പിസി – 306). എന്നാല്‍ മറ്റു പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള മറ്റു തെളിവുകള്‍ ദുര്‍ബലമാണെങ്കില്‍ മാത്രമേ അന്വേഷണ സംഘം ഈ മാര്‍ഗം സ്വീകരിക്കാറുള്ളു.

കുറ്റകൃത്യത്തില്‍ ഗുരുതരമായ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയും പ്രോത്സാഹിപ്പിക്കാറില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികളെ മാപ്പുസാക്ഷിയാക്കുന്ന പതിവില്ലാത്തതിനാലാണ് നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണസംഘം നിയമോപദേശം തേടുന്നത്.

Top