ക്രൈം ഡെസ്‌ക്
കോട്ടയം: സിനിമയെ വെല്ലുന്ന കാർ ചേസിങ്ങാണ് കഴിഞ്ഞ ദിവസം കോട്ടയം കുമരകം റോഡിൽ നടന്നത്. മദ്യലഹരിയിൽ പൊലീസിനെ വെല്ലുവിളിച്ച് അമിത വേഗത്തിൽ കാറോടിച്ച യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി. കുമരകം മുതൽ കോട്ടയം വരെയുള്ള പതിനാല് കിലോമീറ്റർ ദൂരമാണ് ഇരുവരും പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചത്.
ഏഴിടത്തു വച്ച് പൊലീസ് പിടികൂടാൻ നോക്കിയെങ്കിലും
ഇവർ വെട്ടിച്ചു കടന്നു. ഒടുവിൽ ചാലുകുന്നിലെ ഗതാഗതക്കുരുക്കിൽ
കുടുങ്ങിയപ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ
കാറോടിച്ചിരുന്ന അടൂർ സ്വദേശിയായ അകാശിനെതിരെ ട്രാഫിക് പൊലീസ് കേസ്
രജിസ്റ്റർ ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. യുവാവും യുവതിയും ഇന്നലെ
രാവിലെയാണ് കുമരകത്ത് എത്തിയത്. ഇവിടെ ഹോട്ടലിൽ താമസിച്ച ശേഷം
വൈകുന്നേരത്തോടെ നാട്ടിലേയ്ക്കു മടങ്ങാനായി കുമരകത്തു നിന്ന്
പുറപ്പെട്ടു. ഹോട്ടലിൽ വച്ചു മദ്യപിച്ച ഇരുവരും കാറിലിരുന്നു
മദ്യപിക്കുകയായിരുന്നുവെന്നു പിങ്ക് പൊലീസ് സംഘം പറയുന്നു. റോഡരികിൽ
നിർത്തിയിട്ടിരുന്ന കാറിലിരുന്നു മദ്യപിക്കുന്നതായി വിവരം ലഭിച്ച്
നാട്ടുകാർ അടുത്തു കൂടിയതോടെ ഇവർ അമിത വേഗത്തിൽ കാറോടിച്ച് പോയി.
ഇല്ലിക്കലിനു സമീപത്തു വച്ച് പിങ്ക് പൊലീസ് സംഘം കാറിനു
കൈകാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിങ്ക് പട്രോളിംഗ് സംഘത്തെ
വെട്ടിച്ചു പോയ കാറിനെപ്പറ്റിയുള്ള വിവരം നഗരത്തിലെ ട്രാഫിക് പൊലീസിനും,
വെസ്റ്റ് പൊലീസിനും കൈമാറി. വിവിധ സ്ഥലങ്ങളിൽ വച്ച് പൊലീസ് സംഘം കാർ
തടയാൻ ശ്രമിച്ചെങ്കിലും ഇവർ നിർത്തിയില്ല. ഒടുവിൽ ചാലുകുന്നിനു
സമീപത്തെത്തിയപ്പോൾ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഈ സമയം പിന്നാലെ
എത്തിയ പൊലീസ് സംഘം ഇരുവരെയും കാറിൽ നിന്നു പുറത്തിറക്കിയ ശേഷം
യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും വൈദ്യപരിശോധനയ്ക്കു
വിധേയരാക്കി. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിനു യുവാവിനെതിരെ
കേസെടുത്തു. യുവതിയെ പിന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.


