ക്രൈം ഡെസ്‌ക്
കണ്ണൂർ: അധ്യാപികയായി ജീവിച്ചപ്പോൾ ലഭിച്ച ശമ്പളം ഒന്നിനും തികയാതെ വന്നതോടെയാണ് ജ്യോതി ഭൂമി കച്ചവടവുമായി രംഗത്ത് ഇറങ്ങിയത്. ഇതോടെ കോടികൾ കയ്യിൽ വന്നു മറിഞ്ഞു. പിന്നെ ജീവിതം ആർഭാടത്തിലേയ്ക്കു മാറ്റി. പിന്നീട് എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ ഭൂമിക്കച്ചടത്തിന്റെ മറവിൽ ഒരു കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അധ്യാപിക അറസ്റ്റിലായി. അഴീക്കോട് മീൻകുന്ന് ഹൈസ്‌കൂൾ അധ്യാപികയും തളിപ്പറമ്പ് മംഗലത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യയുമായ കെ.എൻ. ജ്യോതി(48)യെയാണ് വളപട്ടണം എസ്.ഐ: ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. അഴീക്കോട് സ്വദേശി മുൻ പ്രവാസി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ ബെല്ലാർഡ് റോഡിൽ കാൻഡിഡ് അപ്പാർട്ട്‌മെന്റിലെ താമസക്കാരിയാണു പ്രതി.
2014-15 ൽ മുകുന്ദന് സ്ഥലം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൂവ്വത്തെ സാലി ടോമിയുടെ ഒന്നരയേക്കർ ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി പണം കൈപ്പറ്റിയത്. ഇതിന് ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. എന്നാൽ, സ്ഥലം വിൽപ്പന നടന്നില്ല. പണം തിരിച്ചു നൽകിയതുമില്ല. ഇതേത്തുടർന്നാണ് മുകുന്ദൻ പരാതി നൽകിയത്.
പല പ്രദേശങ്ങളിൽ സ്ഥലംവാങ്ങി പ്രതി മറിച്ചുവിൽക്കാറുണ്ടായിരുന്നു. സമാനമായ പരാതികൾ ജ്യോതിക്കെതിരേ തളിപ്പറമ്പ്, കണ്ണൂർ ടൗൺ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലുമുണ്ട്. ഇതു കൂടാതെ കണ്ണൂർ ടൗണിലെ ടാക്‌സി ഡ്രൈവർ അയ്ൂബിയന് നാലു ലക്ഷം രൂപയോളം നൽകാനുണ്ടെന്ന പരാതിയുമുണ്ട്. ആഡംബര ജീവിതം നയിക്കുന്ന ജ്യോതി, കോയമ്പത്തൂർ, ചെന്നൈ, വെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിരന്തരം യാത്ര ചെയ്യാറുണ്ട്. 1995 -ൽ ജോലിയിൽ പ്രവേശിച്ച ഇവർ ഒപ്പം റിയൽ എസ്റ്റേറ്റ് ഇടപാടിലും ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
ഉല്ലാസയാത്രയ്ക്ക് അയ്യൂബിന്റെ ടാക്‌സിക്കാറാണു വാടകയ്‌ക്കെടുക്കാറുള്ളത്. മിക്കപ്പോഴും ഡീസൽ അടിക്കാനുള്ള പണം മാത്രമാണ് ഇയാൾക്കു നൽകിയിരുന്നത്. വാടകത്തുകയ്ക്ക് ചെക്ക് നൽകാറുണ്ടെങ്കിലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങും. കതിരൂർ സ്വദേശിയായ കുഞ്ഞിക്കൃഷ്ണനിൽ നിന്നു സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ ജ്യോതി തട്ടിയെടുത്തിരുന്നു. മകളുടെ വിവാഹത്തിന് പണം തിരിച്ചുനൽകാൻ കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം കണ്ണൂരിലെ ലോഡ്ജ് മുറിയിൽ ഇയാൾ ജീവനൊടുക്കിയെന്നാണു വിവരം.
റിയൽ എസ്റ്റേറ്റ് കച്ചവടത്തിനിടെ ആഡംബരജീവിതത്തിലേക്കു വഴിമാറിയതോടെ ജ്യോതിക്ക് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് തുടങ്ങിയതെന്നുമാണ് പോലീസ് നൽകുന്ന സൂചന. പല സ്ഥലങ്ങളിലെ ഫ്‌ളാറ്റുകളിൽ മാറി മാറിയാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു മക്കളാണുള്ളത്. ഇതിൽ ഒരാൾ മംഗലാപുരത്ത് മെഡിസിനും മറ്റൊരാൾ എൻജിനീയറിങ്ങിനുമാണു പഠിക്കുന്നത്. ഇതിനായുള്ള പണവും തട്ടിപ്പിലൂടെയാണ് സമാഹരിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ്, കണ്ണൂർ ടൗൺ, വളപട്ടണം സ്റ്റേഷൻ പരിധികളിലെ തട്ടിപ്പു കേസുകളിൽ ജ്യോതിക്കെതിരേ അറസറ്റ് വാറണ്ടുണ്ട്.


