എന്തുകൊണ്ട്‌ സെപ്‌തംബര്‍ ഇരുപത്തിമൂന്നിന്‌ ലോകം അവസാനിക്കില്ല?

മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ച ഒരു കഥയനുസരിച്ച് ലോകം ഈ ശനിയാഴ്ച അവസാനിക്കേണ്ടതാണ്. ലോകമെമ്പാടുമുള്ള ലോകാവസാന പ്രചാരകരുടെ പ്രതീക്ഷകള്‍ തകിടംമറിച്ചുകൊണ്ട് ഇത്തവണയും പ്രവചനം തെറ്റുകതന്നെ ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 2017 സെപ്റ്റംബര്‍ 23ന് ഭൂമി മറ്റൊരു ഗ്രഹത്തില്‍നിന്നുള്ള അതി ഭീമാകാരമായ വായു പ്രകമ്പനത്തിന് ഇരയാകും. ആ പ്രകമ്പനത്തില്‍ കടല്‍ ജലം ആകാശത്തോളം ഉയരും. ഭൂമിയുടെ അടിത്തട്ടുവരെ കീഴ്‌മേല്‍മറിയും. ഇന്ന് ഭൂമിയ്ക്കുമേല്‍ കാണുന്ന എല്ലാം- ജീവജാലങ്ങളും സസ്യജാലങ്ങളും അടക്കം എല്ലാം- അപ്രത്യക്ഷമാകും. കടലിലെ ഏതാനും ചില ജീവികള്‍ മാത്രമാണ് ജീവനുള്ളവയായി ഭൂമിയില്‍ പിന്നീട് ശേഷിക്കുക. സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ ‘നിബിറു'( Nibiru) എന്ന മറ്റൊരു ഗ്രഹം വന്ന് ഇടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കമെന്നുമാണ് മറ്റൊരു ‘പ്രവചനം’. യഥാര്‍ഥത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ലോകാവസാന കഥയാണിത്. 1970കള്‍ മുതല്‍ ഈ ഗ്രഹത്തെ ഭൂമിയുടെ അന്തകനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംഖ്യാശാത്രത്തെ കൂട്ടുപിടിച്ച് അമേരിക്കക്കാരനായ ഡേവിഡ് മീഡേ എന്നയാള്‍ എഴുതിയ പുസ്തകം നിബിറു ഗ്രഹം ഭൂമിയുടെ അന്തകനാകുമെന്ന് സിദ്ധാന്തിക്കുന്നു. നിബിറുവിനെ സംബന്ധിച്ച ‘വിദഗ്ധ പ്രവചനങ്ങള്‍’ പ്രകാരം യഥാര്‍ഥത്തില്‍ നിബിറു 2003ല്‍ ഭൂമിയില്‍ വന്നിടിക്കേണ്ടതായിരുന്നു. എന്നാല്‍ ചില പ്രത്യേക പ്രാപഞ്ചിക ശക്തികളുടെ ആകസ്മിക ഇടപെടല്‍ ലോകാവസാനത്തെ 2012-ലേയ്ക്ക് നീട്ടിവെച്ചു. എന്നാല്‍ അപ്പോഴും വിചാരിച്ചതുപോലെ സംഗതി നടന്നില്ല. പിന്നീടാണ് പ്രവചനക്കാര്‍ 2017 സെപ്റ്റംബറിലേക്ക് നിബിറുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടി നിശ്ചയിച്ചത്. ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും ജ്യോതിശാസ്ത്ര ബന്ധം അവകാശപ്പെടുന്ന പ്രവാചകന്‍മാരും ഈ കഥയ്ക്ക് വലിയ പ്രചാരം നല്‍കി. നിരവധി സാധാരണക്കാരായ വിശ്വാസികള്‍ ഇതില്‍ വീണുപോവുകയും ചെയ്തു. പലപ്പോഴും ശാസ്ത്രത്തിന്റെയും മത ഗ്രന്ഥങ്ങളുടെയും കൂട്ടുപിടിച്ചാണ് ഇത്തരം പ്രചാരണങ്ങളുണ്ടായത്. നാസയിലെ ഗവേഷകരുടെ പ്രബന്ധങ്ങള്‍ വരെ ഇത്തരം കഥകളെ സാധൂകരിക്കാന്‍ വ്യാജമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിബിറു ഗ്രഹം കൂട്ടിയിടിച്ച് ലോകാവസാനം ഉണ്ടാകില്ലെന്ന കാര്യത്തില്‍ ഗവേഷകര്‍ ലോകത്തിന് പലതവണ ഉറപ്പു നല്‍കിയിട്ടുണ്ട്. ഉറപ്പിനു കാരണം അങ്ങനെയൊരു ഗ്രഹം ഇല്ല എന്നതുതന്നെ. നിബിറു അടക്കമുള്ള ഇത്തരം കഥകളൊക്കെ ഇന്റര്‍നെറ്റ് ഹോക്‌സ് (കബളിപ്പിക്കല്‍) ആണെന്ന് നാസ (NASA) 2012ല്‍ തന്നെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിബിറുവോ അതുപോലുള്ള ഏതെങ്കിലും ഗ്രഹമോ ഭൂമിയുടെ നേര്‍ക്ക് വരുന്നുണ്ടായിരുന്നെങ്കില്‍ അതിപ്പോള്‍ ഇവിടെ എത്തിയിട്ടുണ്ടാകുമായിരുന്നു. കുറഞ്ഞപക്ഷം നഗ്നനേത്രങ്ങള്‍കൊണ്ട് കാണുകയെങ്കിലും ചെയ്യാമായിരുന്നു. കാരണം ഈ ഗ്രഹങ്ങള്‍ ഭൂമിയുടെ നേര്‍ക്കു വരുന്നതായുള്ള പ്രവചനങ്ങള്‍ക്ക് ഏതാനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്- നാസയുടെ പ്രസ്താവന പറയുന്നു.

അതേസമയം, ബൈബിളില്‍ ലോകാവസാനത്തിന്റെ ചില സൂചനകളുണ്ടെന്ന് ചിലര്‍ കരുതുന്നു. ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും കന്നി,ചിങ്ങം എന്നീ നക്ഷത്ര രാശികളും പ്രത്യേക രേഖയില്‍ വരുന്ന ഒരു സെപ്റ്റംബര്‍ 23ന് ലോകാവസാനം സംഭവിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ജോതിശാസ്ത്രപ്രകാരം ഈ വാദങ്ങള്‍ക്ക് വലിയ നിലനില്‍പ്പില്ലെന്ന് ശാത്രജ്ഞര്‍ പറയുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ വരാറുണ്ട്. 2017-ലും അക്കാര്യത്തിന് സവിശേഷതകളൊന്നുമില്ലെന്ന് കോള്‍ഗേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആന്തോണി അവേനി വ്യക്തമാക്കുന്നു. മാത്രമല്ല, ബൈബിള്‍ പുതിയനിയമം എഴുതപ്പെടുന്ന കാലത്ത് കന്നിരാശി എന്നത് ഹീബ്രു ജ്യോതിശാസ്ത്രത്തില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും പുരാതനകാലത്തെ ജ്യോതിശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന അവേനി പറയുന്നു. ഇത്തരം കഥകളോടുള്ള മനുഷ്യന്റെ അഭിനിവേശത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ അന്യഗ്ര ജീവികളുടെയും അന്യഗ്രഹങ്ങളുടെയും ‘ആക്രമണങ്ങള്‍’ ഭൂമിയ്ക്ക് ഇനിയും ‘നേരിടേണ്ടി’ വരികതന്നെ ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top