ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭർത്താവ് പാർട്ടി പ്രവർത്തകയായ ദളിത് യുവതിയെ മർദിച്ചെന്ന് പരാതി. ശൈലജയുടെ ഭർത്താവ് കെ ഭാസ്കരനെതിരെയാണ് പരാതി നല‍്‌കിയിരിക്കുന്നത്.
സംഭവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി.
മട്ടന്നൂർ മുൻ നഗരസഭാംഗവും പാർട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്. മട്ടന്നൂർ നഗരസഭ ചെയർമാനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് ഭാസ്കരൻ.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഈ മാസം എട്ടിന് വൈകിട്ട് പെരിഞ്ചേരി ബൂത്തിൽ വച്ചാണ് സംഭവം നടന്നത്.
ഓപ്പൺ വോട്ട് സംബന്ധിച്ച തർക്കത്തിനിടെ ബൂത്തിലെത്തിയ കെ ഭാസ്കരനോട് പോളിങ് ഉദ്യോഗസ്ഥരെ പറ്റി പരാതി പറയുന്നതിനിടെയായിരുന്നു മർദനം.
ഷീലയെ ഭാസ്കരൻ ചീത്ത വിളിച്ചതായും മർദിച്ചതായും പരാതിയില്‍ പറയുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഷീലയുടെ ഭർത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാവുമായ കെപി രാജനുമായും ഭാസ്കരൻ വാക്കേറ്റമുണ്ടാക്കിയെന്നും ആരോപണമുണ്ട്.
സംഭവം നടന്ന ബുധനാഴ്ച തന്നെ ഷീല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ഷീല പരാതി നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.
അതേസമയം സംഭവത്തെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല. ചില പാർട്ടി പ്രവർത്തകർ ഇടപെട്ട് പോലീസിൽ പരാതി നൽകുന്നതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.


