സ്വന്തം ലേഖകൻ
കൊച്ചി: പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതിവെട്ടിപ്പിൽ കുടുങ്ങിയ താരങ്ങളായ അമലപോൾ, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നൽകി. ഇരുവരുടേയും കേസ് നികുതിവെട്ടിപ്പ് മാത്രമായി കാണരുതെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ പറയുന്നു. രാജ്യദ്രോഹം,ആൾമാറാട്ടം, വ്യാജരേഖ നിർമാണം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം ഇവരെ അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽമേൽ തുടർ നടപടികൾ സ്വീകരിക്കുവാൻ ഡിജിപി ഉത്തരവിട്ടു. രണ്ട് പരാതികൾ പ്രത്യേകം പ്രത്യേകമായാണ് നൽകിയത്.
അമലപോൾ ഉപയോഗിക്കുന്ന ഒരു കോടി നാൽപ്പത് ലക്ഷം വിലയുള്ള എസ് ക്ലാസ് ബെൻസ് കാർ പോണ്ടിച്ചേരിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയിലെ സെന്റ് തെരാസിസ് കോളനിയിലെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ പേരിലാണ് വാഹന രജിസ്ട്രേഷൻ. എന്നാൽ ഈ വിദ്യാർത്ഥിനിക്ക് അമലാ പോളിനെ സിനിമയിൽ കണ്ടിട്ടുള്ളതല്ലാതെ ഒരു പരിചയവുമില്ല. ഈ ആഗസ്റ്റ് നാലിനാണ് ചെന്നയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ കോടികൾ വിലയുള്ള കാർ വാങ്ങിയത്.അതിന് ശേഷം ആഗസ്റ്റ് 9 -ന് രജിസ്റ്റർ ചെയ്തു. കേരളത്തിൽ നേരായ മാർഗത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ സംസ്ഥാന സർക്കാരിന് 20 ലക്ഷം രൂപ നികുതിയിനത്തിൽ കിട്ടുമായിരുന്നു. എന്നാൽ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നര ലക്ഷം രൂപ മാത്രം നികുതിയടച്ചാണ് വ്യാജരേഖകളിലൂടെയും, ആൾമാറാട്ടം നടത്തിയും വാഹനം സ്വന്തമാക്കിയത്. എന്നാൽ വാഹനം സ്ഥിരമായി ഓടിക്കുന്നത് കൊച്ചിയിലാണ്. അമല പോൾ ചെയ്തിരിക്കുന്നത് കേവലം നികുതി വെട്ടിപ്പ് മാത്രമല്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വർഷം വരെ കടുത്ത ശിക്ഷയും, കഠിന തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ഇതുപോലെ തന്നെ സംവിധായകൻ ഫാസിലിന്റെ മകനും, നടനുമായ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന 80 ലക്ഷം രൂപ വിലയുള്ള ബെൻസ് കാറും രജിസ്ട്രേഷൻ നടത്തിയിരിക്കുന്നതും വ്യാജരേഖകൾ നൽകിയും, ആൾമാറാട്ടം നടത്തിയുമാണ്. ഈ രഹസ്യവും കഴിഞ്ഞ ദിവസം പുറത്തായി. ഫഹദ് ഫാസിൽ ഇതിലൂടെ നടത്തിയത് 16 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ്. എന്നാൽ ഇതും കേവലമൊരു നികുതി വെട്ടിപ്പല്ല. അമല പോൾ ചെയ്തിരിക്കുന്നതായ എല്ലാ കുറ്റങ്ങളും ഫഹദും ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ലോസ്പേട്ടിലുള്ള ഫഹദിന്റെയൊരു സുഹൃത്തിന്റെ വീട്ടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ പേരിലാണ് ഫഹദ് ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഫഹദ് ഫാസിൽ എന്ന പേര് പോലും അയാൾ ഇതുവരെ കേട്ടിട്ടില്ല എന്നത് മറ്റൊരു കാര്യം.
ഇവർ രണ്ട് പ്രശസ്തർക്കുമെതിരെ തന്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ഇവർ രണ്ട് പേരും ഉപയോഗിക്കുന്ന വാഹനങ്ങൾ, ഫ്ലാറ്റുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, സ്ഥാപകജംഗമ വസ്തുക്കൽ എന്നിവയും വ്യക്തമായ പരിശോധനകൾക്ക് വിധേയമാക്കണെമെന്നുംപായ്ച്ചിറ നവാസ് നൽകിയ പരാതിയിൽ പറയുന്നു.


