ജീവിച്ചിരിക്കുന്ന ഭാര്യ മരിച്ചെന്ന് സ്ഥാപിച്ച്‌ ഒരു കോടി രൂപ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികൾ കുടുങ്ങി

ജീവിച്ചിരിക്കുന്ന ഭാര്യ മരിച്ചെന്ന് സ്ഥാപിച്ച്‌ ഒരു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികൾ കുടുങ്ങി. സയ്യദ് അലാം ഭാര്യ നാസിയ ഷക്കീല്‍ എന്നിവരാണ് വ്യാജ രേഖയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് നാസിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനായി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ഇന്‍ഷൂറന്‍സ് അധികൃതരുടെ പരാതിയിലാണ് നടപടി. അലാം തന്റെ ഭാര്യ മരിച്ചെന്ന് കാണിച്ച്‌ ഇന്‍ഷൂറന്‍സ് തുകക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭാര്യ ജീവനോടെയുള്ളതായി സംശയിക്കുന്നുണ്ടെന്നും അതിന്റെ സത്യാവസ്ഥ അന്വേഷിച്ച്‌ കണ്ടെത്തണമെന്നുമുള്ള അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി. അപ്പോഴാണ് നാസിയ മരിച്ചിട്ടില്ലെന്നും തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശമെന്നും ബോധ്യമായതെന്ന് ഇന്‍സ്പെക്ടര്‍ കെ ശ്രീനിവാസ് പറഞ്ഞു. നാസിയ മരിച്ചുവെന്നും ഡുറു ഷഹ്വാര്‍ ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റ്, ശ്മശാന സര്‍ട്ടിഫിക്കറ്റ്, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജി.എച്ച്‌.എം.സി) സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകളുമായാണ് അലാം ഇന്‍ഷൂറന്‍സിന് അപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. മല്ലിക എന്ന പേരിലുള്ള ആശുപത്രിയുടെ മരണ സര്‍ട്ടിഫിക്കറ്റാണ് നാസിയ എന്ന പേരില്‍ മാറ്റിയുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു

Top