പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു; മലയാള സാഹത്യ്തതില്‍ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച കഥാകാരി

മലയാള സാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സാഹിത്യകാരി അഷിത അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒന്നിനായിരുന്നു അന്ത്യം. 63 വയസുകാരിയായിരുന്ന അഷിത അര്‍ബുദ രോഗ ബാധിതയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്.

ഡല്‍ഹിയിലും മുംബൈയിലുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ അഷിത, എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയാണ് അഷിത വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വീട്ടിലെ കഠിന എതിര്‍പ്പുകള്‍ മറികടന്നാണ് എഴുത്തിന്റെ ലോകത്ത് എത്തിയത്. ആറ് വര്‍ഷം മുമ്പ് ബാധിച്ച കാന്‍സറിനെ അതിജീവിച്ച അവര്‍ അടുത്തകാലത്ത് വീണ്ടും രോഗബാധിതയാവുകയായിരുന്നു.

മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

അഷിതയുടെ കഥകള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകള്‍, തഥാഗത, മീര പാടുന്നു, അലക്സാണ്ടര്‍ പുഷ്‌കിന്റെ കവിതകളുടെ മലയാള തര്‍ജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി അവര്‍ നടത്തിയ അഭിമുഖം മൂന്നുമാസം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.

Top