ഭൂമി തിരിച്ചുകിട്ടാന്‍ ഭിക്ഷാപാത്രവുമായി കര്‍ഷകന്‍ തെരുവില്‍

തനിക്കവകാശപ്പെട്ട ഭൂമി തിരിച്ചു കിട്ടുന്നതിനായി ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് ഒരു കര്‍ഷകന്‍.കര്‍ണൂല്‍ ജില്ലക്കാരനായ മന്യം വെങ്കിടേശ്വരുലുവാണ് വ്യത്യസ്തമായ ഈ സമരമുറ സ്വീകരിച്ചിരിക്കുന്നത്.ബന്ധുക്കള്‍ തട്ടിയെടുത്ത ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു കിട്ടാനാണ് വെങ്കിടേശ്വരുലു ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം തെരുവില്‍ ഭിക്ഷ യാചിക്കുന്നത്. ബന്ധുക്കള്‍ തട്ടിയെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും അവ വിട്ടു നല്‍കാന്‍ ഉദ്യോഗസ്ഥനു കൈക്കൂലി നല്‍കാനാണ് ഭിക്ഷ യാചിക്കുന്നതെന്നും വെങകിടേശ്വരുലു പറഞ്ഞു.

പ്രതിഷേധത്തിന്‌റെയും അഴിമതി തുറന്നു കാണിക്കുന്നതിന്റെയും ഭാഗമായാണ് ഭിക്ഷയാചിച്ച് തെരുവിലിറങ്ങിയതെന്നും വെങ്കിടേശ്വരുലുവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭിക്ഷാപാത്രവും ബാനറുമായാണ് വെങ്കിടേശ്വരുലുവിന്റെയും മക്കളുടെയും സമരം. തങ്ങള്‍ നിരാഹാര സമരത്തിലാണെന്ന് വ്യക്തമാക്കുന്ന ബാനറും സ്ഥാപിച്ചിട്ടുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയിലെ മാതവാരത്തുള്ള തന്റെ ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി ബന്ധുക്കള്‍ തട്ടിയെടുത്തതായും മുമ്പ് അവിടെ ജോലി ചെയ്തിരുന്ന റവന്യു വകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയാണ് ഇത് കൈവശപ്പെടുത്തിയതെന്നുമാണ് വെങ്കിടേശ്വരുലുവിന്റെ ആരോപണം. അതേസമയം വെങ്കിടേശ്വരുലുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കര്‍ണൂല്‍ ജില്ലാ കളക്ടര്‍ പ്രതികരിച്ചു. വകുപ്പിനെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുക്കുമെന്നും കുടുംബത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top