കര്‍ഷകരുടെ വായ്പാ യോഗ്യത വിലയിരുത്തല്‍ ഇനി ഐസിഐസിഐ ബാങ്ക് സാറ്റലൈറ്റ് ഡാറ്റ വഴി

കൊച്ചി:കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിനായി ഐസിഐസിഐ ബാങ്ക് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റ-ഇമേജറി ഉപയോഗിക്കുന്നു. ഭൂമി, ജലസേചനം, വിള രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അളക്കുന്നതിനും ജനസംഖ്യാശാസ്ത്ര, സാമ്പത്തിക മാനദണ്ഡങ്ങളുമായി സംയോജിച്ച് കൃഷിക്കാര്‍ക്ക് വേഗത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും സാറ്റലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ.

നൂതനമായ സാങ്കേതിക വിദ്യ നിലവില്‍ വായ്പയുള്ള കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള യോഗ്യത എളുപ്പത്തില്‍ കണക്കാക്കാന്‍ സഹായിക്കുന്നു. സ്പര്‍ശന രഹിത സാറ്റലൈറ്റ് ഡാറ്റയുടെ സഹായത്തോടെ ഭൂമി പരിശോധന നടക്കുന്നതിനാല്‍ വായ്പ യോഗ്യത പെട്ടെന്ന് നിശ്ചയിക്കാനാകും. നിലവില്‍ ഇതിന് 15 ദിവസം വേണം.

മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ 500 ഗ്രാമങ്ങളില്‍ ഏതാനും മാസങ്ങളായി ബാങ്ക് ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അടുത്തു തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 63,000 ഗ്രാമങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയുന്ന ഘട്ടത്തില്‍ പുതിയ സംരംഭത്തിന് പ്രധാന്യമേറുന്നു. യാത്രകളോ അനുബന്ധ ചെലവുകളോ ബുദ്ധിമുട്ടോ കൂടാതെ ബാങ്കിന് വിശ്വസനീയമായ ഡാറ്റ ലഭ്യമാക്കുന്നതിന്റെ നേട്ടം ഇത് കര്‍ഷകര്‍ക്ക് നല്‍കുന്നു.

ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിനായി നൂതനമായ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നും ധനകാര്യ സേവന രംഗത്ത് തങ്ങള്‍ ആദ്യമായി പുതിയ തലങ്ങള്‍ പലതും സൃഷിടിച്ചിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് ബാങ്കിങ് (1998), മൊബൈല്‍ ബാങ്കിങ് (2008), ടാബ് ബാങ്കിങ് (2012), മുഴുവന്‍ സമയ ടച്ച് ബാങ്കിങ് (2012), സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് (2016), ബ്ലോക്ക് ചെയിന്‍ വിന്യാസം (2016) തുടങ്ങിയവ ഇതില്‍ ചിലതാണെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു.

വാണിജ്യ ഉപയോഗത്തിനായി ബഹിരാകാശ സാങ്കേതികവിദ്യയും കാലാവസ്ഥാ വിവരങ്ങളും ഉപയോഗപ്പെടുത്തുന്നതില്‍ വിദഗ്ധരായ അഗ്രി-ഫിന്‍ടെക്ക്് കമ്പനികളുമായി ബാങ്ക് സഹകരിക്കുന്നു. ഭൂമി, ജലസേചനം, വിള രീതികള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിച്ചുകൊണ്ട് ഒരു കര്‍ഷകന്റെ വായ്പ-യോഗ്യത വിലയിരുത്തുന്നതിനായി 40 ലധികം ഘടകങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
2020 ജൂണ്‍ 30ലെ കണക്കുപ്രകാരം ഐസിഐസിഐ ബാങ്കിന്റെ ഗ്രാമീണ വായ്പാ വളര്‍ച്ച 571.77 ബില്ല്യണ്‍ രൂപയില്‍ എത്തി നില്‍ക്കുന്നു. ബാങ്കിന്റെ ഗ്രാമീണ വായ്പകളില്‍ മൂന്നിലൊന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്.

Top