തൃശൂര്‍: ഫ്‌ളാറ്റിലെ കൊലപാതക സമയത്ത് കെപിസിസി മുന്‍ സെക്രട്ടറി എ ആര്‍ രാംദാസും മുറിയിലുണ്ടാിരുന്നതായി പോലീസിന് വിവരം ലഭിച്ചു. റിയാലിറ്റി ഷോ താരം ശാശ്വതിക്കൊപ്പം മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത രാംദാസ് സതീഷിനെ മര്‍ദ്ദിക്കുന്നത് കണ്ടിരിക്കുകയായിരുന്നെന്ന മുഖ്യപ്രതി റഷീദ് മൊഴി നല്‍കി.
യുവാവ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം മാര്‍ച്ച് ഒന്നിന് അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ലാറ്റില്‍ രാംദാസ് എത്തിയിരുന്നു. താനും കൃഷ്ണപ്രസാദും ചേര്‍ന്ന് സതീഷിനെ മര്‍ദ്ദിക്കുന്നത് രാംദാസ് കണ്ടിരുന്നുവെന്നും റഷീദ് മൊഴി നല്‍കി. വൈകീട്ട് നാലു മണിക്ക് ഫ്‌ലാറ്റില്‍ എത്തിയ രാംദാസ് മണിക്കൂറുകളോളം ഫ്‌ലാറ്റില്‍ ചെലവഴിക്കുകയും മദ്യവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. തന്റെ കാമുകി ശാശ്വതിക്കൊപ്പം രാംദാസ് നൃത്തം വെയ്ക്കുകയും ചെയ്തതായി റഷീദ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ ജി സൈമണ്‍ പറഞ്ഞു.
കൊടും മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സതീശന്‍ കുടിവെള്ളം ചോദിച്ചപ്പോള്‍ കേസില്‍ മുഖ്യപ്രതിയായ റഷീദ് സതീശന്റെ ദേഹത്ത് കയറി നിന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു. സതീശന്‍ മരിച്ചതറിഞ്ഞ് ആദ്യം പ്രതികള്‍ അഭയം തേടിയത് എം ആര്‍ രാംദാസിന്റെ അടുത്തായിരുന്നുവെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം റഷീദിനും കാമുകി ശാശ്വതിക്കും രക്ഷപ്പെടാനുള്ള മാര്‍ഗം ഉപദേശിച്ചത് രാംദാസാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ സുഹൃത്ത് കൃഷ്ണ പ്രസാദിനോട് കൊലപാതക കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയാല്‍ എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കാമെന്ന് രാംദാസ് ഏറ്റിരുന്നതായി പൊലീസ് പറഞ്ഞു. ഈമാസം ആറ് വരെയാണ് പ്രതിയെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് വിട്ടു നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനും എം ആര്‍ രാംദാസ് ശ്രമിച്ചു. പ്രതിയായ റഷീദ്, കാമുകി ശാശ്വതി എന്നിവര്‍ സംഭവ സ്ഥലത്ത് നിന്ന് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ സുരക്ഷിതമായി എത്തുന്നതു വരെ അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ തെറ്റായ സന്ദേശങ്ങള്‍ വരെ രാംദാസ് നല്‍കിയിരുന്നു. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് വെള്ളം കൊടുക്കുക പതിവാണ്. അത്ര പോലും മനസാക്ഷിയില്ലാത്ത പ്രതികളായ ശാശ്വതിയെയും റഷീദിനെയും രക്ഷപ്പെടുത്തുന്നതിനായി രാംദാസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും കമ്മിഷണര്‍ പറഞ്ഞു.
കൊല്ലപ്പെട്ട സതീഷനെ മര്‍ദ്ദിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ റഷീദിന്റെ മൊബെയിലിലും ഐ പാഡിലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ശാശ്വതിയും റഷീദും തമ്മിലുള്ള അവിഹിത ബന്ധവും റഷീദിന്റെ ഗുണ്ടാ ബന്ധങ്ങളും സതീശ് തന്റെ മറ്റു സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മൃഗീയ മര്‍ദ്ദനം നടന്നത്. നിലവില്‍ റിമാന്റില്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാംദാസിനെതിരെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസെടുത്തത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാംദാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. അറസ്റ്റിലായ റഷീദിനെതിരെ ആക്രമണം, തട്ടിപ്പ് ഉള്‍പ്പെടെ ഒമ്പത് കേസുകള്‍ കണ്ടെത്തിയതിനാല്‍ കാപ്പാ ചുമത്തുന്നതും പരിഗണിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. റഷീദിന്റെയും രാമദാസിന്റെയും സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷിക്കും.


